photo
ടി.എസ് കനാലിൽ നിന്ന് കയറുന്ന ഉപ്പ് വെള്ളത്തെ തടഞ്ഞ് നിറുത്തുന്നതിനായി ഒന്നര പതിറ്റാണ്ടിന് മുമ്പ് തുറയിൽക്കടവ് ഇടത്തോട്ടിൽ നിർമ്മിച്ച ചീപ്പ്

കരുനാഗപ്പള്ളി: കൃഷിസ്ഥലത്ത് ഉപ്പുവെള്ളം കയറുന്നത് തടയാനായി തുറയിൽക്കടവിലെ ഇടക്കനാലിൽ നിർമ്മിച്ച ചീപ്പ് കർഷകർക്ക് വിനയാകുന്നു. കൃഷി സംരക്ഷണത്തിന്റെ ഭാഗമായി ഒന്നര ദശാബ്ദത്തിന് മുമ്പാണ് ടി.എസ് കനാലും ഇടത്തോടും സന്ധിക്കുന്ന ഭാഗത്ത് കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് ചീപ്പ് നിർമ്മിച്ചത്. ചീപ്പ് നിർമ്മിച്ച് 15 വർഷം പിന്നിടുമ്പോഴും ഇതിന്റെ ഗുണഫലം ഇപ്പോഴും കർഷകർക്ക് വേണ്ട രീതിയിൽ ലഭിച്ചിട്ടില്ല. ചീപ്പ് നിർമ്മാണത്തിലൂടെ ഗ്രാമ പഞ്ചായത്തിന്റെ ലക്ഷങ്ങളാണ് വെള്ളത്തിൽ ഒലിച്ചുപോയത്. ഇപ്പോഴും ചീപ്പ് വഴി ഉപ്പ് വെള്ളം കയറി ഇടത്തോടിന്റെ വശങ്ങളിലുള്ള ഏക്കറു കണക്കിന് ഭൂമിയിലെ ഇടവിളക്കൃഷിയാണ് നശിക്കുനത്. ഓണാട്ടു കരയുടെ ഭാഗമായ കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ നെൽക്കൃഷി ഉൾപ്പെടെ വിവിധ വിളകൾ കൃഷിയിറക്കുന്നുണ്ട്.

ചീപ്പ്

ടി.എസ് കനാലിൽ നിന്ന് ഉപ്പുവെള്ളം കൃഷി സ്ഥലത്തേക്ക് പ്രവേശിക്കുന്നത് തടയാനാണ് ഗ്രാമ പഞ്ചായത്ത് ചീപ്പ് നിർമ്മിച്ചത്. ഇതിലൂടെ കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ കൃഷിയെ പൂർണമായും ഉപ്പുവെള്ളത്തിൽ നിന്ന് സംരക്ഷിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ.

ചീപ്പ് നിർമ്മിച്ചിട്ട് 15 വർഷം പിന്നിടുന്നു

കർഷകരുടെ പരാതി

ഉപ്പ് വെള്ളം കയറി കൃഷി നശിക്കാതിരിക്കാൻ ചീപ്പിന്റെ ഉൾഭാഗം പലകയും മണ്ണും ഉപയോഗിച്ച് പൂർണമായും അടയ്ക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. എന്നാൽ 15 വർഷത്തിനുള്ളിൽ ഒരിക്കൽ പോലും ചീപ്പിലെ വെള്ളം ഒഴുകുന്ന ഭാഗം അടച്ചിട്ടില്ലെന്നാണ് കർഷകരുടെ പരാതി.

കാർഷിക സമിതി

ഉപ്പ് വെള്ളം കയറുന്ന സമയത്ത് ചീപ്പ് അടയ്ക്കേണ്ടത് ഗ്രാമ പഞ്ചായത്ത് അധികൃതരുടെ ചുമതലയാണെന്നാണ് കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനായി വാർഡ് മെമ്പറുടെ നേതൃത്വത്തിൽ അതത് സ്ഥലങ്ങളിൽ കാർഷിക സമിതികൾ രൂപീകരിക്കാറുണ്ട്. തുറയിൽക്കടവിൽ നാളിതു വരെ ഇത്തരം സമിതികൾ രൂപീകരിച്ചിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.