c
ബോട്ട്

കൊല്ലം: 52 ദിവസത്തെ ട്രോളിംഗ് നിരോധനം നാളെ അർദ്ധരാത്രി അവസാനിക്കുന്നതോടെ ചാകര തേടി ട്രോൾ ബോട്ടുകൾ കടലിലേക്ക് കുതിക്കും. ഇതോടെ കുതിച്ചുയർന്ന മത്സ്യവില താഴുമെന്നാണ് പ്രതീക്ഷ. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പരിശോധനകളും കർശനമാക്കും.

ഇത്തവണ കടലമ്മ ചതിക്കില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ കണക്കുകൂട്ടൽ. കഴിഞ്ഞ ദിവസങ്ങളിൽ കടലിലേക്ക് പോയ ഔട്ട് ബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾക്കും കട്ടമരങ്ങൾക്കും കാര്യമായി പൂവാലൻ കൊഞ്ചും നാരൻ കൊഞ്ചും കിട്ടിയിരുന്നു. തീരക്കടലിൽ മത്സ്യം എത്തിയതിന്റെ സൂചനയാണിതെന്നാണ് വിശ്വാസം. കഴിഞ്ഞ ദിവസങ്ങളിൽ നീണ്ടകര ഹാർബറിൽ ഒരു കുട്ട പൂവാലൻ കൊഞ്ച് (ഏകദേശം 60 കിലോ) 30,000 രൂപയ്ക്കാണ് ലേലം പോയത്. ഒരു കിലോ നാരൻ കൊഞ്ചിന് 170 രൂപ മുതൽ 200 രൂപയായിരുന്നു വില. ആവോലിയും പരവയും മത്തിയുമൊക്കെയുള്ള ഒരുകുട്ടയുടെ ലേലം പതിനായിരം വരെ ഉയർന്നു. ഒരു കുട്ട ചൂട ആറായിരം രൂപയ്ക്കാണ് പോയത്.

സുരക്ഷാ സന്നാഹം

1.കടലിലേക്ക് പോകുന്ന മത്സ്യത്തൊഴിലാളികളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ ഇനിയും സംവിധാനമായിട്ടില്ല.

2. കാലാവസ്ഥാ സൂചന നൽകുന്നതിനൊപ്പം രക്ഷാപ്രവർത്തനത്തിനും സഹായകരമാകുന്ന സാഗര ആപ്പ് പ്രയോജനപ്പെടുത്തുന്ന ബോട്ടുകൾ: 1114

3.ജില്ലയിൽ അനുവദിച്ച സൗജന്യ ലൈഫ് ജാക്കറ്റ്: 2500 4.ലൈഫ് ജാക്കറ്റ് കിട്ടിയവർ: 1500

5.ബാക്കിയുള്ളവയുടെ വിതരണം: ഇന്നും നാളെയും.

നിരീക്ഷണം, നടപടി

ലൈഫ് ജാക്കറ്റിന്റെ ഉപയോഗിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കും

രജിസ്ട്രേഷൻ, ലൈസൻസ് ഇല്ലാത്ത ബോട്ടുകൾ മറൈൻ എൻഫോഴ്സ്‌മെന്റ് പിടികൂടും.

 ജില്ലയിലെ ബോട്ടുകൾ

മോട്ടോർ ഘടിപ്പിച്ച വള്ളങ്ങൾ: 2822

(ഔട്ട് ബോർഡ് എൻജിനുകൾ ഘടിപ്പിച്ചവ)

മോട്ടോർ ഘടിപ്പിച്ച യന്ത്രവത്കൃത ബോട്ടുകൾ: 1228

(ട്രോൾ ബോട്ടുകൾ)

മോട്ടോർ ഘടിപ്പിക്കാത്ത വള്ളങ്ങൾ: 163

(കട്ടമരങ്ങൾ)