ksheera
ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള വനിതാ ക്ഷീരകർഷക വിവരശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ നിർവഹിക്കുന്നു. മന്ത്രി കെ. രാജു, എം.എൽ.എ മാരായ ആർ. രാമചന്ദ്രൻ, എം. നൗഷാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി തുടങ്ങിയവർ സമീപം

കൊല്ലം: വനിതകൾ പ്രസിഡന്റായ ക്ഷീര സംഘങ്ങൾക്ക് സബ്സിഡി ഏർപ്പെടുത്തണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നിർദേശിച്ചു. ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള വനിതാ ക്ഷീരകർഷക വിവരശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം സി.എസ്.ഐ ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ക്ഷീര മേഖലയിലെ സ്ത്രീകളുടെ കണക്കെടുപ്പ് പൂർത്തിയായാൽ പ്രത്യേക സബ്സിഡി നൽകുന്നതിനെക്കുറിച്ച് ആലോചിക്കണം. സംസ്ഥാനത്ത് ക്ഷീരോല്പാദന രംഗത്ത് നിശബ്ദ വിപ്ലവം നടക്കുകയാണ്. പാലിനും മുട്ടയ്ക്കും പച്ചക്കറിയ്ക്കുമെല്ലാം തമിഴ്നാടിനെ ആശ്രയിച്ചിരുന്ന അവസ്ഥ മാറുകയാണെന്നും മേഴ്സിക്കുട്ടി അമ്മ പറഞ്ഞു.

സംസ്ഥാനത്ത് ആവശ്യമായ പാലിന്റെ 85 ശതമാനം ഇപ്പോൾ ഇവിടെ തന്നെ ഉല്പാദിപ്പിക്കുന്നുണ്ടെന്ന് അദ്ധ്യക്ഷനായിരുന്ന മന്ത്രി കെ.രാജു പറഞ്ഞു. എന്നാൽ സംസ്ഥാനത്ത കന്നുകാലികളുടെ എണ്ണത്തിൽ 23 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനൊപ്പം ക്ഷീരകർഷകർക്ക് ആരോഗ്യമുള്ള പശുക്കളെ നൽകാൻ മൂന്ന് കിടാരി പാർക്കുകൾ കൂടി ഉടൻ ആരംഭിക്കുമെന്നും കെ. രാജു പറഞ്ഞു.
എം.എൽ.എമാരായ എം.നൗഷാദ്, ആർ. രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ, മിൽമ ചെയർമാൻ പി.എ. ബാലൻ, ക്ഷീരകർഷക ക്ഷേമനിധി ചെയർമാൻ എൻ. രാജൻ, ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ എ.ഗീത, ഡെപ്യൂട്ടി ഡയറക്ടർ ജീജ.സി.കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

ക്ഷീരസംഘങ്ങൾക്കുള്ള ധനസഹായ വിതരണം, ഏറ്റവും കൂടുതൽ പാൽ അളന്ന വനിതാ പ്രസിഡന്റിനെ ആദരിക്കൽ, കൂടുതൽ പാൽ അളന്ന വനിതാ കർഷകരെ ആദരിക്കൽ, ക്ഷീര സാന്ത്വനം ഇൻഷുറൻസ് പോളിസി വിതരണം, ഗുണനിയന്ത്രണ പ്രവർത്തനങ്ങൾക്കുള്ള ധനസഹായ വിതരണം എന്നിവയും നടന്നു.