kollam-library
കൊല്ലം പബ്ലിക് ലൈബ്രറിയിൽ ആരംഭിച്ച ക്വയിലോൺ ആർട്ട് ഗാലറി കെ. രവീന്ദ്രനാഥൻ നായർ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: മലയാറ്റൂർ രാമകൃഷ്ണൻ കെ. രവീന്ദ്രനാഥൻ നായരോട് പറഞ്ഞൊരു സ്വകാര്യം വർഷങ്ങൾക്ക് ശേഷം സഫലമായി. കലാകാരൻമാർക്കും കലയെ സ്നേഹിക്കുന്നവർക്കും സ്വന്തമായൊരിടം ഇനി മുതൽ കൊല്ലം പബ്ലിക്ക് ലൈബ്രറി അങ്കണത്തിൽ പ്രവർത്തിക്കും, 'ക്വയിലോൺ ആർട്ട് ഗാലറി'.

പൂർണമായി ശീതികരിച്ച ആർട്ട് ഗാലറി ആധുനിക സജ്ജീകരണങ്ങളോടെയാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ബിനാലെ മോഡൽ സംവിധാനങ്ങളാണ് ക്വയിലോൺ ആർട്ട് ഗാലറിയിലുള്ളത്. ഓരോ കലാസൃഷ്ടിക്കും അനുയോജ്യമായ വെളിച്ചം നൽകുന്ന ലൈറ്റ് ആൻഡ് സൗണ്ട്, വീഡിയോ ഇൻസ്റ്റലേഷൻ നടത്താൻ വേണ്ട സാങ്കേതിക വിദ്യകൾ തുടങ്ങിയവ ഗാലറിയുടെ പ്രത്യേകതയാണ്.

ഗാലറിയുടെ ഭാഗമായി പബ്ലിക് ലൈബ്രറിയുടെ ചുമരുകളിൽ കൊല്ലത്തിന്റെ ചരിത്രവും വരച്ചിട്ടുണ്ട്. അമ്മയുടെ മുഖം, ഐക്യം എന്നീ പേരുകളിൽ പ്രശസ്‌ത ശിൽപ കലാകാരൻ ആര്യനാട് രാജേന്ദ്രൻ തീർത്ത വ്യത്യസ്‌ത ശിൽപ്പങ്ങൾക്കൊപ്പം അഞ്ച് വയസുകാരി ഗോപിക കണ്ണന്റെയും സോപാനം കലാകേന്ദ്രത്തിലെ വിദ്യാർത്ഥികളുടെയും പൂർവ വിദ്യാർത്ഥികളുടെയും 45 ഓളം ചിത്രങ്ങളും ഗാലറിയിൽ ക്രമീകരിച്ചിട്ടുണ്ട്. ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ ചിത്രങ്ങളുടെയും ശിൽപ്പങ്ങളുടെയും വിപണനവും ഒരുക്കിയിട്ടുണ്ട്. വാട്ടർ കളർ, അക്രിലിക്, പെൻസിൽ തുടങ്ങിയവ ഉപയോഗിച്ച് വരച്ച ചിത്രങ്ങളും തടിയും പേപ്പറും ഉപയോഗിച്ചു രൂപകൽപ്പന ചെയ്ത ശിൽപ്പങ്ങളുമാണ് പ്രദർശനത്തിലുള്ളത്.

ചിത്ര - ശിൽപ്പ കലാകാരന്മാർക്ക് അവരുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനായി പുതുതായി പണി കഴിപ്പിച്ച ആർട്ട് ഗാലറി കൊല്ലം പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ ഓണററി സെക്രട്ടറി കെ. രവീന്ദ്രനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ലൈബ്രറിയുടെ ചുമരുകളിൽ ചിത്രങ്ങൾ കൊണ്ട് കൊല്ലത്തിന്റെ ചരിത്രം വരച്ച കലാപ്രതിഭകളെയും ആർട്ട് ഗ്യാലറി ശിൽപ്പികളെയും അദ്ദേഹം ആദരിച്ചു. ജോയിന്റ് സെക്രട്ടറി പ്രതാപ് ആർ. നായർ, പ്രകാശ് ആർ. നായർ, ആർക്കിടെക്റ്റ് പ്രൊഫ. യൂജിൻ പണ്ടാല, പ്രൊഫ. പി.ഒ.ജെ. ലബ്ബ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.