paravur
മോഷണം നടത്തിയ കല്ലും കുന്ന് പ്രദേശത്ത് ശ്രീകുമാറിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത മൊട്ട ജോസിന്റെ കുറിപ്പ്.

 മടക്കം വീട്ടുകാർക്ക് സന്ദേശം എഴുതി ഒട്ടിച്ച ശേഷം

പരവൂർ: പരവൂരിൽ ആൾതാമസമില്ലാത്ത വീട് കുത്തിത്തുറന്ന് വീണ്ടും മോഷണം. പരവൂർ കല്ലുംകുന്ന് 'അനുഗ്രഹ'ത്തിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ദിവസങ്ങൾക്ക് മുമ്പ് ദയാ‌ബ്‌ജി ജംഗ്ഷനിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ സംശയിക്കുന്ന പ്രതി 'മൊട്ട ജോസ്' എന്ന ജോസ് തന്നെയാണ് ഇവിടെയും മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസും വിരലടയാള വിദഗ്ദ്ധരും നടത്തിയ പരിശോധനയിലാണ് കള്ളൻ മൊട്ട ജോസാണെന്ന് മനസിലായത്.

വീട്ടുടമസ്ഥനായ ശ്രീകുമാറും കുടുംബവും ചെന്നൈയിൽ ആണ് താമസം. മാസത്തിൽ ഒരിക്കൽ വന്ന് ഒരാഴ്ച താമസിച്ച് മടങ്ങുകയാണ് പതിവ്. വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് ഇവിടെ താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങൾ തറയിലേക്ക് വലിച്ചെറിഞ്ഞ നിലയിലായിരുന്നു. അടുക്കളയിൽ ആഹാരം പാകം ചെയ്ത് മുറിയിൽ ഇരുന്ന് കഴിച്ചതായും തെളിവുകൾ ലഭിച്ചു. മുൻഭാഗത്തെ മുറിയിലെ സോഫയിൽ മോഷ്ടാവ് മലമൂത്ര വിസർജനവും നടത്തി.

ഭിത്തിയിൽ നിന്ന് ജോസ് എഴുതിയ ഒരു കുറിപ്പും പോലീസ് കണ്ടെത്തി. “നിങ്ങൾ അടുത്ത പ്രാവശ്യം പോകുമ്പോൾ എനിക്ക് ഇവിടെ സ്വർണവും പൈസയും വച്ചിരിക്കണം. ഇല്ലെങ്കിൽ ഞാൻ ഇനിയും കയറും, കള്ളൻ ” ഇതായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. മറ്റെവിടെ നിന്നോ മോഷ്ടിച്ചതായി കണക്കാക്കുന്ന ഒരു കിഴി നാണയങ്ങളും ഇവിടെ നിന്ന് പൊലീസ് കണ്ടെടുത്തു.

ഞായറാഴ്ച രാത്രി ജോസ് പ്രദേശത്ത് ഉണ്ടായിരുന്നതായി രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് അന്വേഷണം നടത്തി. രാത്രി 11 മണിയോടെയാണ് കല്ലുംപുറത്തെ വീട്ടിൽ ജോസ് ഉണ്ടെന്നുള്ള വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തിയെങ്കിലും ജോസ് കടന്നു കളഞ്ഞിരുന്നു.

ദയാ‌ബ്ജി ജംഗ്ഷനിൽ വീടുകുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ സാഹചര്യ തെളിവുകളുടെയും വിരലടയാള വിദഗ്ദ്ധരുടെയും പരിശോധനയുടെ അടിസ്ഥാനത്തിൽ മോഷ്ടാവ് മൊട്ട ജോസ് ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതേതുടർന്ന് ഇയാളെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസും ഇറക്കി.