c
ടീച്ചർ

കൊല്ലം:സംസ്ഥാനത്തെ പ്രൈമറി അദ്ധ്യാപക പരിശീലന കോഴ്സായ ഡി. എൽ. എഡ് കോഴ്സിലേക്കുള്ള പ്രവേശനത്തിൽ സർക്കാർ എയ്ഡഡ് ടി.ടി.ഐകളിൽ സീറ്റ് ഒഴിവുണ്ടായിരിക്കേ അതിലേക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാതെ സ്വാശ്രയ ടി.ടി.ഐകളിലേക്ക് അലോട്ട്മെന്റ് നടത്തുന്നത് വിവാദമായി.

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലാണ് അപേക്ഷ സ്വീകരിക്കുന്നതും അലോട്ട്മെന്റ് നടത്തുന്നതും. ടി.ടി.സി പാസാവുന്നവർക്ക് അദ്ധ്യാപക ജോലി ഉടൻ ലഭിച്ചിരുന്ന കാലഘട്ടത്തിൽ അഡ്മിഷൻ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് പി. എസ്. സി. ആയിരുന്നു. അത് സാങ്കേതികമായി ഇപ്പോഴും തുടരുകയാണ്. ഇതിന്റെ മറവിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസിൽ നടത്തുന്ന അലോട്ട്മെന്റും പ്രവേശന നടപടികളും സുതാര്യമല്ലെന്നാണ് ആക്ഷേപം.

സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ സീറ്റ് ഒഴിഞ്ഞു കിടക്കേ സ്വാശ്രയ സ്ഥാപനങ്ങളിൽ നൂറു ശതമാനം അലോട്ട്മെന്റ് നടത്തി വിദ്യാർത്ഥികളെ വഞ്ചിക്കുന്നു. സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ വാർഷിക ഫീസ് വെറും എഴുപത് രൂപ മാത്രമാണ്. എന്നാൽ സ്വാശ്രയ സ്ഥാപനങ്ങളിൽ രണ്ടു സെമസ്റ്ററിലായി 15000 മുതൽ 20000 രൂപവരെയാണ് ഫീസ്. മിടുക്കരായ വിദ്യാർത്ഥികൾക്ക് സർക്കാർ എയ്ഡഡ് സീറ്റുകളിൽ പഠിക്കാനുള്ള അവസരം നിഷേധിക്കുന്നു എന്നുമാത്രമല്ല, അമിത ഫീസും നൽകേണ്ടി വരുന്നു.

ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നിന്ന് പ്രവേശന നടപടികൾ പൂർത്തിയാക്കാത്തതിനാലും സീറ്റ് ഒഴിഞ്ഞു കിടക്കുന്നതിനാലും എയ്ഡഡ് ടി.ടി. ഐകളിൽ ക്ളാസുകൾ ആരംഭിക്കാൻ കഴിയുന്നില്ല. എന്നാൽ, മൈനോരിറ്റി വിഭാഗത്തിന്റെ എയ്ഡഡ് സ്ഥാപനങ്ങളിൽ ഈ പ്രശ്നം ഇല്ല. കാരണം, അവർക്ക് എല്ലാ സീറ്റിലേക്കും സ്വന്തം നിലയിൽ പ്രവേശനം നടത്താൻ അധികാരമുണ്ട്.

കൊല്ലം ജില്ലയിലെ എയ്ഡഡ് ടി.ടി.ഐകളിൽ ഇരുപത്തിയഞ്ചോളം മെരിറ്റ് സീറ്റ് ഒഴിഞ്ഞു കിടക്കവേ, അതു നികത്താതെ, തൊട്ടടുത്ത ദിവസം ജില്ലയിലെ എല്ലാ അൺ എയ്ഡഡ് സ്ഥാപനങ്ങളിലേയും പ്രവേശന നടപടികൾ പൂർത്തിയാക്കി വിദ്യാർത്ഥികളെ അവിടേക്ക് തള്ളിവിട്ടു.

ഡി. ഡി. ഓഫീസ് കേന്ദ്രീകരിച്ചു നടത്തുന്ന ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്. സംസ്ഥാനത്ത് മറ്റൊരു കോഴ്സിന്റെ പ്രവേശനവും പി. എസ്. സിയുമായി കൂട്ടികെട്ടിയിട്ടില്ല. മിടുക്കരായ വിദ്യാർത്ഥികൾക്ക് മികച്ച സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ സീറ്റ് ഉറപ്പാക്കാൻ ഓൺലൈൻവഴി അപേക്ഷ സ്വീകരിക്കുകയും പ്രവേശന നടപടികൾ പൂർത്തിയാക്കുകയും ചെയ്യണം. സംസ്ഥാനത്ത് മറ്റെല്ലാ കോഴ്സുകളുടെയും പ്രവേശനം ഓൺലൈൻ വഴിയാണ് നടത്തുന്നത്. ഈ കോഴ്സിന്റെ കാര്യത്തിൽ മാത്രം സർക്കാർ ഒളിച്ചുകളി നടത്തുകയാണ്.

ജില്ലയിലെ ടി.ടി.ഐകൾ.............25

സർക്കാർ ..................1

ഡയറ്റ്..........................1

എയ്ഡഡ് .............6 (മൂന്നെണ്ണം മതന്യൂനപക്ഷം)

അൺ എയ്ഡഡ്.......................17

വാർഷിക ഫീസ്

സർക്കാർ, എയ്ഡഡ് ..............70

അൺ എയ്ഡഡ്......................15000 മുതൽ 20000 വരെ (രണ്ടു സെമസ്റ്റർ)

സർക്കാർ സ്ഥാപനം സീറ്റ് ഒഴിവ്

ഗവ. ടി.ടി. ഐ,കൊല്ലം 40 0

ഡയറ്റ് , കൊല്ലം 40 0

എയ്ഡഡ്

ജെ.എം.ടി.ടി. ഐ, ശാസ്താംകോട്ട 33 5

എസ്. എൻ. ടി.ടി. ഐ, കരുനാഗപ്പള്ളി 33 10

ചെമ്പകശേരി ടി.ടി. ഐ, പൂതക്കുളം 25 10

എയ്ഡഡ് മൈനോരിറ്റി

സി. എഫ്. ടി. ടി. ഐ, കൊട്ടിയം 40 0

സെന്റ് ജോർജ് ടി.ടി. ഐ, ചൊവ്വല്ലൂർ 33 0

ഐ. എച്ച്. എം. ടി. ടി. ഐ, കൊല്ലം 33 0

അപേക്ഷകർ....................... 1050

സർക്കാർ അലോട്ട്

ചെയ്യുന്ന സീറ്റുകൾ............ 150

ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ 25