പാരിപ്പള്ളി: കഥാപ്രസംഗം എന്നും സാധാരണക്കാരന്റെ കലയായിരുന്നുവെന്ന് വയലാർ അവാർഡ് ജേതാവ് കെ.വി. മോഹൻകുമാർ പറഞ്ഞു. കേരള സംഗീതനാടക അക്കാഡമിയുടെ നേതൃത്വത്തിൽ പാരിപ്പള്ളി സംസ്കാരയിൽ സംഘടിപ്പിച്ച കഥാപ്രസംഗോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കലയും സാഹിത്യവും സാധാരണക്കാരന് അപ്രാപ്യമായിരുന്ന കാലത്ത് ശ്രീനാരായണ ഗുരുദേവനാണ് ലളിതവും ശുദ്ധവുമായ ഭാഷയിൽ അക്ഷരാഭ്യാസം ഇല്ലാത്തവർക്ക് പോലും മനസിലാകുന്ന രീതിയിൽ കഥാപ്രസംഗം അവതരിപ്പിക്കണണമെന്ന് നിർദ്ദേശിച്ചത്. ഡോ. പൽപ്പുവിന്റെ കാർമ്മികത്വത്തിൽ സി.ഐ. സത്യദേവനാണ് കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി 1921ൽ കഥാപ്രസംഗമായി അവതരിപ്പിച്ചത്. വിശ്വസാഹിത്യത്തിലെയും ഭാരതീയ ഇതിഹാസങ്ങളിലെയും കഥകൾ പിൽക്കാലത്ത് കഥാപ്രസംഗമായി രൂപാന്തരപ്പെട്ടതിനാൽ പള്ളിക്കൂടത്തിൽ പോകാൻ ഭാഗ്യം സിദ്ധിക്കാത്തവർക്ക് പോലും അതൊക്കെ കേൾക്കാനും മനസിലാക്കാനും കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ കേരള സംഗീത നാടക അക്കാഡമി ഉപാദ്ധ്യക്ഷൻ സേവ്യർ പുൽപ്പാട് അദ്ധ്യക്ഷത വഹിച്ചു. അക്കാഡമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അംബികകുമാരി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി. ജയപ്രകാശ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തംഗം എ. സുന്ദരേശൻ, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് അംഗം കുളമട സോമൻ, അക്കാഡമി നിർവാഹകസമിതി അംഗങ്ങളായ ഫ്രാൻസിസ് ടി. മാവേലിക്കര, വി.ഡി. പ്രേമപ്രകാശ്, ജനറൽ കൗൺസിൽ അംഗം മുഖത്തല ശിവജി, സംസ്കാര സെക്രട്ടറി കെ. പ്രവീൺകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് വി.എസ്. ഖാണ്ഡേക്കറുടെ നോവൽ 'യയാതി' കാഥികൻ പുളിമാത്ത് ശ്രീകുമാർ അവതരിപ്പിച്ചു.
ഇന്ന് കേരള സർക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ്പ് ആർട്ടിസ്റ്റ് ജി.എസ്. മേഘ 'ഞങ്ങൾ ഭാരതീയർ' എന്ന കഥയും പ്രൊഫ. ചിറക്കര സലിംകുമാർ 'ആയിഷ' എന്ന കഥയും അവതരിപ്പിക്കും.