കൊല്ലം: കർക്കടകവാവ് ദിനത്തിൽ പിതൃക്കൾക്ക് ബലിയിടാനെത്തുന്നവർക്കായി ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ മുതൽ സ്നാനഘട്ടങ്ങളിൽ ചടങ്ങുകൾ ആരംഭിക്കും. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ തിരുമുല്ലവാരം, മുണ്ടയ്ക്കൽ പാപനാശനം, അഷ്ടമുടി വീരഭദ്രസ്വാമിക്ഷേത്രം, ചെറിയഴീക്കൽ കാശിവിശ്വനാഥ ക്ഷേത്രം, വെളിനല്ലൂർ ശ്രീരാമസ്വാമിക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലാണ് ബലിതർപ്പണത്തിന് കൂടുതൽ പേർ എത്തുന്നത്. കൂടാതെ അഷ്ടമുടി, കല്ലടയാറുകളുടെ തീരത്തുള്ള ക്ഷേത്രങ്ങൾ, ജില്ലയിലെ തീരദേശത്തുള്ള ക്ഷേത്രങ്ങൾ എന്നിവിടങ്ങളും സ്നാനഘട്ടങ്ങളായി മാറും. ബലിപ്പുരകൾ മന്ത്രോച്ചാരണങ്ങളാൽ മുഖരിതമാകും. ജില്ലയിൽ ഏറ്റവുമധികം തിരക്കനുഭവപ്പെടുന്ന തിരുമുല്ലവാരത്തും മുണ്ടയ്ക്കൽ പാപനാശനത്തും ജില്ലാഭരണകൂടത്തിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്.
ശ്രീനാരായണ ഗുരുദേവന്റെ സന്ദർശനത്താൽ പവിത്രമായ മുണ്ടയ്‌ക്കൽ പാപനാശനത്ത്
തടത്തിൽ മഠം ടി.കെ. ചന്ദ്രശേഖര സ്വാമിയുടെ മുഖ്യകാർമ്മികത്വത്തിൽ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള തന്ത്രിമാർ പങ്കെടുക്കും. തിലഹവന ഹോമം നടത്താൻ പ്രത്യേക പന്തലും സ്വാമിമാരും ഉണ്ടാകും. 'പിതൃക്കളെ സ്‌മരിക്കൂ, വൃക്ഷത്തൈ നടൂ' എന്ന സന്ദേശം ഉൾക്കൊണ്ട് വനം വകുപ്പിന്റെ സഹകരണത്തോടെ വൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്യും. ബലി തർപ്പണത്തിനെത്തുന്നവർക്ക് തുമ്പറ മഹാദേവി ക്ഷേത്രം ട്രസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഔഷധക്കാപ്പിയും വിതരണം ചെയ്യും. ഇവിടെയും തിരുമുല്ലവാരത്തും കടലിൽ മുങ്ങി തർപ്പണം നടത്തുന്നവർക്ക് സുരക്ഷയൊരുക്കാൻ മറൈൻ എൻഫോഴ്സ്‌മെന്റ്, ഫിഷറീസ് വകുപ്പ്, ഫയർഫോഴ്സ്, പൊലീസ് തുടങ്ങിയവരുടെ സേവനവുമുണ്ടാകും. ശുദ്ധജലത്തിൽ കുളിക്കാൻ വാട്ടർ അതോറിറ്റി സൗകര്യം ഒരുക്കും. ആരോഗ്യ വകുപ്പിന്റെ ഡോക്ടർമാരും ആംബുലൻസും അടങ്ങുന്ന സംഘവും സ്ഥലത്തുണ്ടാകും. കർശനമായ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.