ചാത്തന്നൂർ: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കുന്നതിൽ പ്രതിഷേധിച്ച് ഹൈവേ ആക്ഷൻ ഫോറത്തിന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നേതൃത്വത്തിൽ ചാത്തന്നൂർ ജംഗ്ഷനിൽ കൂട്ട ധർണ നടത്തി. ഫോറം സംസ്ഥാന പ്രസിഡന്റ് കെ.സി. ചന്ദ്രമോഹൻ ധർണ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ചാത്തന്നൂർ യൂണിറ്റ് പ്രസിഡന്റ് ശശി അദ്ധ്യക്ഷത വഹിച്ചു.
യാതൊരു മാർഗരേഖകളും ഇല്ലാതെ ദേശീയപാതയോരത്തെ കണ്ണായ ഭൂമി അധികാരശക്തി ഉപയോഗിച്ച് പിടിച്ചെടുക്കാനുള്ള ശ്രമം സർക്കാർ ഉപേക്ഷിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി എം. സുന്ദരേശൻപിള്ള മുഖ്യപ്രഭാഷണം നടത്തി. പാരിപ്പള്ളി രാജൻകുറുപ്പ്, പാരിപ്പള്ളി നജീം, കല്ലുവാതുക്കൽ രജേന്ദ്രപ്രസാദ്, ഹരിപ്രസാദ്, പാരിപ്പള്ളി സുനിൽ, മൈലക്കാട് ഗോപാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. ഉമയനല്ലൂർ അബ്ദുൾ അസീസ് സ്വാഗതം പറഞ്ഞു.