കൊട്ടിയം: ഇന്ത്യയിലെ പ്രശസ്തമായ പുരാവസ്തു ശേഖരത്തിന്റെ നടത്തിപ്പുകാരായ അടൂർ ശിലാ മ്യൂസിയം കൊട്ടിയം ഡോൺ ബോസ്‌കോ കോളേജിൽ സംഘടിപ്പിച്ച പ്രദർശനം ജനശ്രദ്ധ ആകർഷിക്കുന്നു.
യേശുവിനെ ഒറ്റിക്കൊടുത്ത വെള്ളിക്കാശ്, അലക്‌സാണ്ടറുടെ നാണയം, ടിപ്പു സുൽത്താന്റെ നാണയം പഞ്ചുമാർക്ക് കോയിൻ, ഉൾപ്പെടെ ഇരുനൂറോളം രാജ്യങ്ങളിലെ നാണയങ്ങൾ,ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും പത്രങ്ങൾ, ഇന്ത്യയിലെ പ്രധാന സംഭവങ്ങൾ അടങ്ങിയ പത്രങ്ങൾ ഉൾപ്പെടെ നൂറോളം രാജ്യങ്ങളിലെ പത്രങ്ങൾ എന്നിവ ഇവയിലുണ്ട്.
നൂറ്റി എഴുപതോളം പ്രമുഖ കാർട്ടൂണിസ്റ്റുകളുടെ 1700ഓളം കാർട്ടൂണുകൾ, ഇരുന്നൂറ്റൻപത് രാജ്യങ്ങളിലെ കറൻസികൾ, എല്ലാ നാട്ടുരാജാക്കന്മാരുടെയും വാളുകൾ, ബുമറാങ്, ഇരുതല വാൾ, മലപ്പുറം കത്തി, എസ് കത്തി, മരതകങ്ങൾ, ബ്രിട്ടീഷുകാരുടെ ഭരണികൾ, ആദിവാസികളുടെ ആയുധങ്ങൾ, ഏറ്റവും ചെറിയ പുസ്തകം, ഏറ്റവും ചെറിയ ബൈബിൾ എന്നിവയാണ് മറ്റു സവിശേഷ കാഴ്ചവസ്തുക്കൾ. പത്തുലക്ഷം കോടിയുടെ ഒറ്റനോട്ട് (സിംബാബ്‌വേ ),ആയിരം കോടിയുടെ ഒറ്റനോട്ട് (യുഗോസ്ലോവാക്യ ),ഏടാകൂടം, ഊരാക്കുടുക്ക്, ഏറ്റവും ചെറിയ ആറന്മുള കണ്ണാടി, ഏറ്റവും ചെറിയ ചർക്ക, മുട്ടയ്ക്ക് പൂട്ടും താക്കോലും, ഏറ്റവും ചെറിയ നാണയം, ഏറ്റവും വലിയ നോട്ട്, ചുരിക, ഉറുമി, ആദ്യത്തെ മൊബൈൽ, 120ഓളം കേട്ട് താളിയോല ഗ്രന്ഥങ്ങൾ, ഓലയിലുള്ള ബൈബിൾ, വിക്ടോറിയ രാജ്ഞിയുടെ തോലിൽ വരച്ച ചിത്രം, തുടങ്ങി പൊതു സമൂഹം ഇതുവരെ കാണാത്ത തരത്തിലുള്ള വിസ്മയകരമായ കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളത്. നേച്ചർ പ്ലസ് കേരയുടെ സംസ്ഥാന തല പരിപാടിയുടെ ഭാഗമായി കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നാളെ (ചൊവ്വ )ജില്ലയിലെ സ്‌കൂളുകൾക്ക് പ്രവേശനം ഉണ്ടായിരിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോയി പറഞ്ഞു.