എക്സൈസ് കോംപ്ളക്സ് അനുവദിച്ചത്: 2009-10ൽ
അനുവദിച്ച തുക: 2.09 കോടി രൂപ
പഴയ കെട്ടിടം പൊളിച്ചുനീക്കിയത്: 2010ൽ
നശിക്കുന്നത്: 50 സെന്റോളം സ്ഥലം
കൊട്ടാരക്കര: വാഹന പാർക്കിംഗിന് സ്ഥലമില്ലാതെ വലയുന്ന കൊട്ടാരക്കര ടൗണിൽ ഫലപ്രദമായ സ്ഥലം കാടുകയറി നശിച്ചിട്ടും നടപടികൾ അകലെ. കൊട്ടാരക്കര കച്ചേരിമുക്കിൽ പഴയ എക്സൈസ് ഓഫീസ് പ്രവർത്തിച്ചിരുന്ന അരഏക്കറോളം സ്ഥലമാണ് ആർക്കും ഉപകാരമില്ലാതെയായത്. ഇവിടെ വരുമെന്ന് പ്രഖ്യാപിച്ചിരുന്ന എക്സൈസ് കോംപ്ളക്‌സ് തർക്കങ്ങളെ തുടർന്ന് മാറ്റിയതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. 2009-10 സാമ്പത്തിക വർഷത്തിലാണ് സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ എക്സൈസ് കോംപ്ളക്സിനായി 2.09 കോടി രൂപ അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 2010 ൽ പഴയകെട്ടിടം പൊളിച്ചുനീക്കി. ഒപ്പം പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നടത്തി. ഇതിനിടെയാണ് വസ്തുവിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കം ഉടലെടുത്തത്.
വർഷങ്ങളായി എക്സൈസ് ഓഫീസ് പ്രവർത്തിച്ചിരുന്ന ഭൂമിയാണെങ്കിലും അത് കൊട്ടാരക്കര ഗണപതിക്ഷേത്രത്തിന്റെ വകയാണെന്ന് ഒരു വിഭാഗം വാദിച്ചു. കേരള ക്ഷേത്രസംരക്ഷണ സമിതിയും ഹിന്ദുസംഘടനകളും പ്രതിഷേധവുമായി രംഗത്ത് എത്തുകയും കോടതിയെ സമീപിക്കുകയും ചെയ്തു. നാല് വ്യക്തികളും ഇതിനെ അനുകൂലിച്ച് കക്ഷി ചേർന്നു. കേസിൽ സർക്കാറിന് അനുകൂലമായ വിധി വന്നെങ്കിലും പ്രതിഷേധം തുടർന്നു. ഇതോടെയാണ് കോംപ്ളക്സിന്റെ നിർമ്മാണം ഇവിടെ നിന്ന് മാറ്റാൻ ധാരണയായത്. എക്സൈസ് സർക്കിൾ ഓഫീസിന് സമീപം മുമ്പ് വൈദ്യുതി ഭവൻ പ്രവർത്തിച്ചിരുന്ന ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടം നീക്കം ചെയ്ത് ഇവിടെയുള്ള 20 സെന്റ് ഭൂമിയിൽ എക്സൈസ് കോംപ്ളസ് നിർമ്മിക്കാനായിരുന്നു തീരുമാനം. ഇതിനുള്ള നടപടികൾ പൂർത്തീകരണത്തിലാണ്.
സ്ഥലം കാടുമൂടി
കച്ചേരിമുക്കിലെ ഭൂമിയിൽ അടുത്തകാലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കില്ല. തർക്കഭൂമിയായ നാൾ മുതൽ ഇവിടം കാടുമൂടുകയാണ്. ചെറുതൈകൾ വളർന്ന് വലിയ മരങ്ങളുമായി. ഇവ വെട്ടിത്തെളിച്ചാൽ പട്ടണത്തിലെത്തുന്ന വാഹനങ്ങൾക്ക് പാർക്കിംഗിന് സൗകര്യമാകും. ഞായറാഴ്ചകളിലും മറ്റ് വിശേഷ ദിവസങ്ങളിലും പുലർച്ചെ മുതൽ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് ഒഴിവാക്കുന്നതിനും ക്ഷേത്രത്തിലെത്തുന്നവർക്കും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ഈ ഭൂമി ഉപകരിക്കും.
ഓണത്തിരക്കിന് ആശ്വാസമുണ്ടാക്കാം
ഓണദിവസങ്ങൾ അടുക്കുമ്പോൾ കൊട്ടാരക്കര പട്ടണം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നതാണ് പതിവ്. പാർക്കിംഗിന് സ്ഥലസൗകര്യമില്ലാത്തതാണ് വലിയ തലവേദന. കച്ചേരിമുക്കിലെ ഭൂമി വെട്ടിത്തെളിച്ചെടുത്താൽ നൂറുകണക്കിന് വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാം. ഓണത്തിരക്ക് ഒഴിവാക്കാൻ ഇത് ഉപകരിക്കും. സിവിൽ സ്റ്റേഷന്റെ നേരെ എതിർവശത്താണ് ഈ ഭൂമി. സിവിൽ സ്റ്റേഷനിൽ എത്തുന്നവരുടെ വാഹനങ്ങൾ പാർക്കുചെയ്യാനും ഇവിടം ഉപകരിക്കും. ജനപ്രതിനിധികളും പൊലീസും മറ്റ് ഉദ്യോഗസ്ഥരും ഗണപതി ക്ഷേത്ര ഉപദേശക സമിതിയും ചേർന്ന് തീരുമാനമെടുത്താൽ പട്ടണത്തിലെ വാഹന പാർക്കിംഗിനുള്ള അനുയോജ്യമായ ഭൂമിയായി ഇവിടം മാറും.
വിവാദങ്ങൾ വേണ്ട, ഇവിടം വെട്ടിത്തെളിച്ച് ഉപയോഗിക്കണം
കച്ചേരിമുക്കിലെ എക്സൈസ് ഓഫീസ് പ്രവർത്തിച്ചിരുന്ന ഭൂമി കാട് മൂടി നശിക്കുകയാണ്. ഇത് വെട്ടിത്തെളിച്ച് വാഹന പാർക്കിംഗിന് ഉപയോഗിക്കാവുന്ന വിധത്തിലാക്കണം. പൊതു സമ്മേളനങ്ങളും മറ്റും നടത്താനും ഇവിടം ഉപയോഗിക്കാം. ഗണപതി ക്ഷേത്രത്തിനും പൊതുജനങ്ങൾക്കുമൊക്കെ ഉപകാരപ്രദമാകും.
(പല്ലിശ്ശേരി, ചെയർമാൻ, അക്ഷരം കലാസാഹിത്യവേദി)