photo
കോച്ചിംഗ് സെന്ററിൽ ഇന്നലെ ആരോഗ്യവിഭാഗവും പൊലീസും ചേർന്ന് നടത്തിയ പരിശോധന

പാരിപ്പള്ളി:കല്ലുവാതുക്കലിന് സമീപം നടയ്ക്കലിലെ ബാങ്ക് കോച്ചിംഗ് സെന്ററിൽ താമസിച്ചു പഠിക്കുന്ന നൂറിലധികം വിദ്യാർത്ഥികൾക്ക് പകർച്ചപനി ബാധിച്ചതിനൊപ്പം ഭക്ഷ്യവിഷബാധയും ഉണ്ടായി. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവം ഇന്നലെ പുറത്തറിഞ്ഞതോടെ

കല്ലുവാതുക്കൽ പഞ്ചായത്ത്‌ ആരോഗ്യവിഭാഗവും ഭഷ്യസുരക്ഷാ വിഭാഗവും കോച്ചിംഗ് സെന്ററിൽ പൊലീസ് അകമ്പടിയോടെ പരിശോധന നടത്തി. വൃത്തിഹീനമായതൊക്കെ മാറ്റാൻ ആരോഗ്യവകുപ്പ് അധികൃതർ നോട്ടിസ് നൽകി. എ. സി.പിയുടെ നിർദ്ദേശപ്രകാരം പാരിപ്പള്ളി പൊലീസ് പരിശോധന നടത്തി. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഭക്ഷണത്തിൽ നിന്നാകാം വിഷബാധയേറ്റതെന്ന് അധികൃതർ പറ‌ഞ്ഞു. പുറത്തുനിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്കാണ് പ്രശ്നമുണ്ടാതെന്ന് ഹോസ്റ്റൽ അധികൃതർ പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയോടെയാണ് 27 വിദ്യാർത്ഥികളിൽ ഛർദ്ദിയും വയറിളക്കവും കണ്ടുതുടങ്ങിയത്. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് അടക്കമുള്ള വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയും വീടുകളിലേക്ക് മടങ്ങുകയും ചെയ്തു. തുടർന്ന് എഴുപതോളം വിദ്യാർത്ഥികൾക്ക് പകർച്ചപ്പനി ബാധിച്ചു. അവരും വീടുകളിലേക്ക് പോയി. വിവിധ ആശുപത്രികളിൽ ചികിത്സയും തേടി. ഇത്രത്തോളം പേർക്ക് അസുഖം പിടിപെടിട്ടും ആരോഗ്യവകുപ്പിനെയോ പഞ്ചായത്തിനെയോ ബന്ധപ്പെട്ടവർ അറിയിച്ചില്ല. ഇവിടത്തെ 550 വിദ്യാർത്ഥികളിൽ 400പേരും പെൺകുട്ടികളാണ്.