വാല്മീകി രാമായണ യജ്ഞത്തിന് തുടക്കമായി
കൊല്ലം: രാമായണ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തിയാൽ ധർമ്മം പുലരുമെന്ന് സംബോധ് ഫൗണ്ടേഷൻ കേരള ഘടകത്തിന്റെ മുഖ്യാചാര്യൻ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പറഞ്ഞു. കച്ചേരി ടി.ഡി കലാമന്ദിറിൽ സംബോധ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന വാല്മീകി രാമായണ യജ്ഞത്തിന്റെ ആദ്യദിനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കാലം മാറുന്തോറും പുനർവായന ആവശ്യപ്പെടുന്ന കാവ്യമാണ് വാല്മീകി രാമായണം. മൂല്യശോഷണത്തിന്റെ വിപത്തുകൾ വ്യാപകമാവുമ്പോൾ വിലപിച്ച് ഊർജ്ജം കളയുന്നതിൽ അർത്ഥമില്ല. പരിഹാരം ചെയ്യുകയാണ് വേണ്ടത്. ഇതിനുള്ള അറിവും കരുത്തും രാമായണപഠനം നൽകും. ഒരു ഉത്തമ പുരുഷന്റെ മാതൃക അവതരിപ്പിക്കപ്പെടണമെന്ന് ബ്രഹ്മാവും നാരദരും വാല്മീകിയും ആഗ്രഹിച്ചു. അങ്ങിനെ രചിക്കപ്പെട്ടതാണ് രാമായണം. രാമായണ കഥകൾക്ക് ഇന്ന് നാം നേരിടുന്ന പല അവസ്ഥകളോടും ബന്ധമുണ്ടെന്നും അദ്ധ്യാത്മാനന്ദ പറഞ്ഞു.
കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. രാധാകൃഷ്ണൻ യജ്ഞം ഉദ്ഘാടനം ചെയ്തു. സംബോധ് ഫൗണ്ടേഷൻ കൊല്ലം സെന്റർ സെക്രട്ടറി അഡ്വ. കല്ലൂർ കൈലാസ് നാഥ് സ്വാഗതം പറഞ്ഞു. വിചിത്ര ചൈതന്യയുടെ ഏകാംഗഭജനയും നടന്നു. ആഗസ്റ്റ് മൂന്ന് വരെ എല്ലാ ദിസവും ടി.ഡി കലാമന്ദിറിൽ വൈകിട്ട് 5.30 മുതൽ 7വരെ വാല്മീകി രാമായണയത്തിലെ വിവിധ കാണ്ഡങ്ങൾ ആസ്പദമാക്കി സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പ്രഭാഷണം നടത്തും.