prathi

കൊട്ടിയം: ബസിൽ യുവതിയുടെ ബാഗിൽ നിന്ന് പണം കവരുന്നതിനിടയിൽ നാടോടി സ്ത്രീ പിടിയിലായി. തഴുത്തലയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ ശാന്തിയുടെ ബാഗിൽ നിന്ന് പണം കവരുന്നതിനിടെയാണ് ഇവർ പിടിയിലായത്.

കൊട്ടിയം കുണ്ടറ റൂട്ടിലോടുന്ന അമൃത എന്ന സ്വകാര്യ ബസിലാണ് സംഭവം. കുണ്ടറയിൽ നിന്ന് ബസിൽ കയറിയ നാടോടി സ്ത്രീ തഴുത്തല ആശുപത്രി മുക്കിൽ നിന്ന് കയറിയ ശാന്തിയുടെ ബാഗിൽ നിന്ന് കയറി അൽപ്പസമയത്തിനകം തന്നെ പണം കൈക്കലാക്കിയിരുന്നു.

കൊട്ടിയം ജംഗ്ഷനിലെത്തി ബസിറങ്ങുന്നതിനിടയിൽ ബാഗ് തുറന്നിരിക്കുന്നത് കണ്ട് ശാന്തി ബഹളം വച്ചതോടെ ഇറങ്ങിയോടാൻ ശ്രമിച്ച സ്ത്രീയെ ബസ് ജീവനക്കാരുടെ സഹായത്തോടെയാണ് പിടികൂടിയത്. ഇതിനിടയിൽ കൈയിലുണ്ടായിരുന്ന പണം ബസിലേക്ക് വലിച്ചെറിഞ്ഞ് സ്വയം വസ്ത്രമഴിച്ച് കളഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യുവതി ഇവരെ തടഞ്ഞുവച്ചു. പിന്നീട് പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് മാറ്റി.