കൊല്ലം: ഇന്ത്യയുടെ മിസൈൽമാൻ ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് ഇരവിപുരം ഗവ. ന്യൂ.എൽ.പി.എസിൽ കലാം അനുസ്മരണം സംഘടിപ്പിച്ചു. ഡി. ബാലചന്ദ്രൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ അജികുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് വി. സിന്ധു സ്വാഗതം പറഞ്ഞു. നാലാം ക്ളാസ് വിദ്യാർത്ഥിനി എസ്.എൽ. ആൻഡ്രിയ അബ്ദുൾ കലാമിന്റെ വേഷത്തിലെത്തി കുട്ടികളെ അഭിസംബോധന ചെയ്തു. തുടർന്ന് സ്കൂളിന് പുറത്ത് സ്ഥാപിച്ച വിശാലമായ ക്യാൻവാസിൽ ബഹുജന പങ്കാളിത്തത്തോടെ കലാം കാരിക്കേച്ചർ രചനയും നടന്നു.