കൊല്ലം: കൂട്ടിക്കട ജംഗ്ഷനിൽ റെയിൽവേ ലെവൽക്രോസ് സൃഷ്ടിക്കുന്ന ഗതാഗത സ്തംഭനത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിക്കുന്നു. മയ്യനാട്, തട്ടാമല റോഡുകൾ സംയോജിപ്പിച്ച് ലെവൽക്രോസ് മാറ്റി സ്ഥാപിക്കണമെന്നാകും ആക്ഷൻ കൗൺസിൽ മുന്നോട്ട് വയ്ക്കുന്ന ആവശ്യം.
കൂട്ടിക്കടയിലെയും പരിസര പ്രദേശങ്ങളിലെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെയും നേതൃത്തിലാണ് ആക്ഷൻ കൗൺസിൽ രൂപീകരിക്കുക. പ്രദേശത്തെ വായനശാലകൾ, വ്യാപാരികൾ, ക്ലബുകൾ, മറ്റ് സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ തുടങ്ങിയവരുടെയും സഹകരണം ഉറപ്പാക്കും. ആക്ഷൻ കൗൺസിൽ എന്ന ആവശ്യം മുന്നോട്ട് വച്ചപ്പോൾ മയ്യനാട്, വാളത്തുംഗൽ, തട്ടാമല ഭാഗങ്ങളിലുള്ളവരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത ദിവസം തന്നെ ആക്ഷൻ കൗൺസിൽ രൂപീകരണ യോഗം നടക്കും. തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി, സ്ഥലം എം.എൽ.എ, പാർലമെന്റ് അംഗങ്ങൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, റെയിൽവേ അധികൃതർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവരെ നേരിൽ കണ്ട് നിവേദനം നൽകും. ജനങ്ങളെയാകെ ആക്ഷൻ കൗൺസിലിന് പിന്നിൽ അണിനിരത്താൻ ഭവനസന്ദർശനം അടക്കമുള്ള കാമ്പയിനുകളും സംഘടിപ്പിക്കും.
'' കൂട്ടിക്കടയിലെ ഗതാഗത സ്തംഭനം ഒഴിവാക്കുന്നതിനുള്ള പണച്ചെലവില്ലാത്ത പരിഹാരമാർഗമാണ് ലെവൽക്രോസ് മാറ്റി സ്ഥാപിക്കുന്നത്. നേരത്തെ സമാനമായ ആവശ്യം മുന്നോട്ടുവച്ചിരുന്നു. പക്ഷെ നടന്നില്ല. തട്ടാമല, മയ്യനാട്, വാളത്തുംഗൽ ഭാഗങ്ങളിൽ നിന്നാണ് കൂട്ടിക്കടയിലേക്ക് കൂടുതൽ വാഹനങ്ങളെത്തുന്നത്. ആലുംമൂട്ടിൽ നിന്ന് കാര്യമായ വാഹനങ്ങളെത്തുന്നില്ല. ലെവൽക്രോസ് മാറ്റി സ്ഥാപിച്ചാൽ പ്രധാനപ്പെട്ട മൂന്ന് റോഡുകളിൽ നിന്നുള്ള വാഹനങ്ങൾക്ക് വേഗത്തിൽ കൂട്ടിക്കട കടക്കാനാകും.''
സുനിൽദത്ത് (സെക്രട്ടറി, കൂട്ടിക്കട നോർത്ത് റസിഡന്റ്സ് അസോസിയേഷൻ)
'' രാവിലെ 7 മുതൽ 11 വരെ കൂട്ടിക്കട കടന്നുകിട്ടാൻ ഏറെ പ്രയാസമാണ്. ഇത് കേവലം കൂട്ടിക്കടക്കാരുടെ മാത്രം പ്രശ്നമല്ല. സമീപപ്രദേശങ്ങളിലുള്ളവരെയെല്ലാം ബാധിക്കുന്ന പ്രശ്നമാണ്. ലെവൽക്രോസ് മാറ്റി സ്ഥാപിച്ച് ഗതാഗത കുരുക്കിന് എത്രയും വേഗം പരിഹാരം കാണണം.''
അനി വിജയൻ (ജോയിന്റ് സെക്രട്ടറി, കൂട്ടിക്കട നോർത്ത് റസിഡന്റ്സ് അസോസിയേഷൻ)