photo
കരുനാഗപ്പള്ളി നഗരസഭാ 30-ം ഡിവിഷനിൽ പ്രവർത്തിക്കുന്ന അർബൻ പ്രൈമറി ഹെൽത്ത് സെന്റർ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയുടെ അനുവാദത്തോടെ 30​-ാം ഡിവിഷനിൽ രണ്ട് വർഷം മുമ്പ് നിർമ്മിച്ച അർബൻ പ്രൈമറി ഹെൽത്ത് സെന്റർ കെട്ടിടത്തിന്റെ ഫൗണ്ടേഷനിലെ പ്ലാസ്റ്ററിംഗ് അടർന്ന് വീഴുന്നതായി പ്രദേശവാസികളുടെ പരാതി. എൻ.ആർ.എച്ച്.എം അനുവദിച്ച 12 ലക്ഷം രൂപ ചെലവഴിച്ചാണ് അർബൻ പ്രൈമറി ഹെൽത്ത് സെന്റർ നിർമ്മിച്ചത്. നഗരസഭയുടെ നിയന്ത്രണത്തിൽ തുറയിൽക്കുന്നിൽ പ്രവർത്തിച്ചിരുന്ന മുതിർന്ന പൗരൻമാരുടെ വിശ്രമ സങ്കേതമായ പകൽവീടിനോട് ചേർന്നാണ് യു.പി.എച്ച്.സിക്കായി പുതിയ കെട്ടിടം നിർമ്മിച്ച് നൽകിയത്. കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും ടിൻ ഷീറ്റ് ഉപയോഗിച്ചാണ് മേഞ്ഞിട്ടുള്ളത്. സിന്തറ്റിക് ഉപയോഗിച്ചുള്ള 2 കതകുകളും അലൂമിനിയം റാഡ് ഉപയോഗിച്ചുള്ള 3 ജനലുകളുമാണ് കെട്ടിടത്തിലുള്ളത്. ഈ കെട്ടിടത്തിൽ ആധുനിക മെഡിക്കൽ ലാബാണ് നിലവിൽ പ്രവർത്തിക്കുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെയാണ് ലാബിന്റെ പ്രവർത്തനം. ഉച്ചയ്ക്ക് 1.30ന് ആരംഭിക്കുന്ന ഒ.പി വിഭാഗം രാത്രി 7.30 ഒാടെയാണ് അവസാനിക്കുന്നത്. ശിശുരോഗ വിദഗ്ദ്ധനായ ഡോക്ടർ ചൊവ്വ, വെള്ളി ദിവസങ്ങളിൽ മാത്രമാണെത്തുന്നത്. മുമ്പ് പകൽ വീട് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഇപ്പോൾ ഒ.പി വിഭാഗം പ്രവർത്തിക്കുന്നത്. രണ്ട് വർഷം പിന്നിടാൻ ഒരു മാസം മാത്രം ശേഷിക്കേ കെട്ടിടത്തിന്റെ പ്ലാസ്റ്ററിംഗും പെയിന്റുമാണ് ഇളകിത്തുടങ്ങിയത്. കെട്ടിടത്തിന്റെ സുരക്ഷിതത്വത്തെപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

നിർമ്മാണച്ചെലവ്: 12 ലക്ഷം

വിസ്തീർണം: 500 സ്ക്വയർ ഫീറ്റ്

നീളം 7.3 മീറ്റർ

വീതി 6.4 മീറ്റർ

ഉയരം 2.6 മീറ്റർ

ഉച്ചയ്ക്ക് ശേഷം ചികിത്സ തേടിയെത്തുന്നത്: 200 ഓളം രോഗികൾ

വിജിലൻസിന് പരാതി

കെട്ടിട നിർമ്മാണത്തിലെ അപാകതകൾ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കരുനാഗപ്പള്ളി കേന്ദ്രമായി പ്രവർത്തനം നടത്തുന്ന ജനസഹായി വിവരാവകാശ നീതിഫോറം വിജിലൻസിന് പരാതി നൽകിയിരിക്കുകയാണ്.

യു.പി.എച്ച് സെന്ററിലെ ജീവനക്കാർ

2 ഡോക്ടർമാർ

2 നഴ്സുമാർ

1 ഫാർമസിസ്റ്റ്

2 അറ്റൻഡർമാർ

നിർമ്മാണത്തിൽ അപാകത

കെട്ടിടത്തിന്റെ നിർമ്മാണത്തിൽ വന്ന അപാകതയെപ്പറ്റി തുടക്കത്തിൽ തന്നെ നാട്ടുകാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ പ്രദേശവാസികളുടെ പരാതി മുഖവിലയ്ക്കെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. കെട്ടിത്തിന്റെ നിർമ്മാണ വേളയിൽ സൂപ്പർവൈസറി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.