കൊല്ലം: കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടുന്ന കുട്ടികളെ ഇ ഗ്രാന്റ്സ് വഴിയുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പുകളിൽ നിന്നൊഴിവാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്കോളർഷിപ്പുകൾ മെരിറ്റ്, സംവരണ വിഭാഗങ്ങളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് മാത്രമാക്കിയ നടപടിയെ തുടർന്ന് ഈഴവ വിഭാഗത്തിലടക്കം പാവങ്ങളായ പിന്നാക്ക വിഭാഗം കുട്ടികളെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ഇ ഗ്രാന്റ്സ് എന്ന ഏകീകൃത സോഫ്ട്‌വെയർ ഉപയോഗിക്കുന്നുവെന്ന കാരണം പറഞ്ഞാണ് ഈ വർഷം മുതൽ കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളെ ഒഴിവാക്കിയത്. കുമാരപിള്ള കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന് പറഞ്ഞാണ് വ്യവസ്ഥകൾ കർശനമാക്കിയത്.
സ്കോളർഷിപ്പിന് അർഹതയുള്ളവരുടെ കോളേജിൽ നിന്ന് നൽകുന്ന പട്ടിക അംഗീകരിക്കുകയായിരുന്നു പതിവ്. ഇപ്പോൾ ഓൺലൈൻ രജിസ്ട്രേഷൻ നടപ്പാക്കിയപ്പോഴാണ് അർഹതയുള്ളവർ പോലും പുറത്തായത്. ഒരുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ള കുടുംബങ്ങളിലെ കുട്ടികൾക്കാണ് സ്കോളർഷിപ്പിന് അർഹതയുള്ളത്. പട്ടികജാതി വികസന വകുപ്പാണ് സ്കോളർഷിപ്പ് നൽകുന്നതെങ്കിലും നിബന്ധനകൾ വിവിധ ജില്ലകളിൽ വ്യത്യസ്തമാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. കഴിഞ്ഞ വർഷവും സോഫ്റ്റ് വെയറിന്റെ പേര് പറഞ്ഞ് കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നിഷേധിക്കാൻ നീക്കം നടന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് നൽകുകയായിരുന്നു.
അർഹത
1- മെറിറ്റ്, സംവരണ സീറ്റുകളിൽ പ്രവേശനം നേടുന്നവർക്ക് മാത്രം സ്കോളർഷിപ്പിന് അർഹത
2- എസ്.സി, എസ്.ടി. ഒ.ഇ.സി വിഭാഗങ്ങളിലെ കുട്ടികൾ ഏത് കാറ്റഗറിയിൽ പ്രവേശനം നേടിയാലും സ്കോളർഷിപ്പ് ലഭിക്കും
3- മെരിറ്റിൽ പ്രവേശനം നേടുന്ന വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെയുള്ള ഒ.ബി.സി, മുന്നാക്ക വിഭാഗം കുട്ടികൾക്കും അർഹത.
സ്കോളർഷിപ്പുകൾ
1- സർക്കാർ നിശ്ചയിച്ച ട്യൂഷൻ ഫീസ്, പരീക്ഷാ ഫീസ്, സ്പെഷ്യൽ ഫീസ്
2-എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങൾക്ക് ലംപ്‌സം ഗ്രാന്റ് , ഹോസ്റ്റൽ ഫീസ്.
3- ഒ.ബി.സി വിഭാഗത്തിന് ചെറിയ തുകയുടെ സ്റ്റൈപ്പൻഡ്
(മുന്നാക്ക വിഭാഗത്തിന് സ്റ്റൈപ്പൻഡ് ലഭിക്കില്ല)