കൊല്ലം: കുതിരകൾക്ക് ഗർഭമുണ്ടോയെന്നറിയാൻ എന്താണ് മാർഗം!. തന്റെ നാല് കുതിരകൾക്ക് ഗർഭമുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാനായി കഴിഞ്ഞ ഏതാനും മാസങ്ങളായി ശൂരനാട് പതാരം തുണ്ടിൽ വീട്ടിൽ റഷീദ് വലയുകയാണ്. റാണി, സാന്റി, റിയ, മീനാക്ഷി എന്നീ കുതിരകൾ ഗർഭിണിയാണോ എന്നറിയാൻ സാധാരണയായി നടത്തുന്ന പരിശോധനകളെല്ലാം നടത്തി. എന്നാൽ പരിശോധന കൃത്യമല്ലാത്തതിനാൽ റഷീദിന് ആറു മാസം കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ കാത്തിരിപ്പിനു വിരാമമായി. നാല് കുതിരകളും അമ്മമാരല്ലെന്നു തെളിഞ്ഞു. സാധാരണ ഗതിയിൽ പെൺ കുതിരകളുടെ ഗർഭകാലം 320 മുതൽ 362 ദിവസം വരെയാണ്. ഇക്കാലയളവിൽ പൊതുവേ കുതിരകളുടെ ഗർഭപരിശോധന വളരെ ബുദ്ധിമുട്ടാണ്. കൈയുറകൾ ഉപയോഗിച്ച് ഗർഭപാത്ര പ്രതലം പരിശോധിക്കാൻ കുതിരകൾ പലപ്പോഴും സമ്മതിക്കാറില്ല. കുതറിച്ചാടിയും തൊഴിച്ചും അവർ പരിശോധകരെ ഒഴിവാക്കുകയാണ് പതിവ്. അങ്ങനെ വിഫലമായ പരിശോധനകൾക്കൊടുവിലാണ് റഷീദ് കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തെ സമീപിച്ചത്. തുടർന്ന് ടെലി വെറ്ററിനറി സർവീസ് യൂണിറ്റ് പതാരത്തെത്തി കുതിരകളെ വിവിധ തരം പരിശോധനകൾക്ക് വിധേയമാക്കി. അൽട്രാ സൗണ്ട് സ്കാനിംഗ്, പോർട്ടബിൾ എക്സിറേ, പാൽപേഷൻ തുടങ്ങിയ മാർഗങ്ങളിലൂടെയാണ് കുതിരകൾക്ക് ഗർഭമില്ല എന്ന് സ്ഥിരീകരിച്ചത്. കുതിരകളുടെ ആരോഗ്യ പരിശോധനയ്ക്കായി രക്തസാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. സർജൻമാരായ ഡോ. അജിത്പിള്ള, ഡോ. ആര്യ സുലോചനൻ, ഡോ. ആരതി, ഡോ. ജാസ്മി, നന്ദന എന്നിവരാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.