തൊടിയൂർ: പൂർവ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട് 'കേരളകൗമുദി' പ്രസിദ്ധീകരിച്ച 'എന്റെ സ്കൂൾ ' സപ്ളിമെന്റ് പ്രിൻസിപ്പൽ കെ.എ. വഹിദയും എച്ച്.എം ശ്രീജാ ഗോപിനാഥും ചേർന്ന് ഏറ്റുവാങ്ങി. സ്കൂൾ അസംബ്ളിയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പൂർവ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് തൊടിയൂർ വിജയൻ അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം ശ്രീജാ ഗോപിനാഥ് ആമുഖ പ്രഭാഷണം നടത്തി. സ്കൂളിന്റെ പൂർവകാല പ്രവർത്തനങ്ങളും പൂർവ വിദ്യാർത്ഥികളുടെ സ്മരണയും പുതിയ തലമുറയ്ക്ക് പകർന്ന് നൽകാൻ 'എന്റെ സ്കൂൾ 'സപ്ളിമെന്റ് വഴിയൊരുക്കിയെന്ന് ശ്രീജാ ഗോപിനാഥ് പറഞ്ഞു. പ്രിൻസിപ്പൽ കെ.എ. വഹിദയ്ക്ക് പൂർവ വിദ്യാർത്ഥി തൊടിയൂർ രാമചന്ദ്രനും, ഹെഡ്മിസ്ട്രസ് ശ്രീജാ ഗോപിനാഥിന് തൊടിയൂർ വിജയനും സപ്ളിമെന്റ് കൈമാറി. പി.ടി.എ പ്രസിഡന്റ് എ. നിസാർ, എസ്.എം.സി ചെയർമാൻ കെ. ശശിധരൻപിള്ള, മുൻ പി.ടി.എ പ്രസിഡന്റ് ജി. രാജൻ, പൂർവ വിദ്യാർത്ഥികളായ ഗായകൻ അനിൽ മത്തായി, കവിയും സാമൂഹ്യ പ്രവർത്തകയുമായ ഷീലാ ജഗധരൻ, വ്യവസായ പ്രമുഖൻ ടി. മുരളീധരൻ പിള്ള, അദ്ധ്യാപകർ, അനദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. പൂർവ വിദ്യാർത്ഥി യൂണിയൻ സെക്രട്ടറി അനിൽ ആർ. പാലവിള സ്വാഗതവും കേരളകൗമുദി ലേഖകൻ ജയചന്ദ്രൻ തൊടിയൂർ നന്ദിയും പറഞ്ഞു.