ngo-
എൻ.ജി.ഒ യൂണിയൻ നടത്തിയ പ്രകടനത്തിൽ നിന്ന്

കൊല്ലം: ആരോഗ്യവകുപ്പിൽ ജനസംഖ്യ‌യ്‌ക്ക് ആനുപാതികമായും ജോലിഭാരത്തിന് അനുസരിച്ചും തസ്തികകൾ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രകടനം നടത്തി. മിനിസ്​റ്റീരിയൽ, ഫീൽഡ്, പാരാമെഡിക്കൽ, ടെക്‌നിക്കൽ, അ​റ്റൻഡന്റ് വിഭാഗം ജീവനക്കാരുടെ തസ്തികകൾ സൃഷ്‌ടിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം.

5000 ജനങ്ങൾക്ക് ഒരു ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറും ഒരു ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാണ് ഫീൽഡ് തലത്തിലുള്ള പ്രവർത്തനങ്ങൾക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ പതിനായിരത്തിലധികം ജനങ്ങളുടെ ചുമതലയാണ് ഇന്ന് പല ജീവനക്കാരും ഏറ്റെടുക്കേണ്ടി വരുന്നതെന്ന് യൂണിയൻ ഭാരവാഹികൾ ആരോപിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസിനു മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം നടത്തിയ യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടേറിയ​റ്റ് അംഗം എസ്. സുശീല ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രിക്ക് മുന്നിൽ സംസ്ഥാന കമ്മി​റ്റി അംഗം എസ്. ഓമനക്കുട്ടൻ, കുണ്ടറ താലൂക്ക് ആശുപത്രിക്ക് മുന്നിൽ ജില്ലാ ട്രഷറർ ബി. സോളമൻ, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് മുന്നിൽ ജില്ലാ വൈസ് പ്രസിഡന്റ് ബി. പ്രശോഭദാസ്, പുനലൂർ താലൂക്ക് ആശുപത്രിക്ക് മുന്നിൽ ജില്ലാ വൈസ് പ്രസിഡന്റ് പി. സരസ്വതി അമ്മ, കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് മുന്നിൽ ജില്ലാ ജോയിന്റ് സെക്രട്ടറി വി. പ്രേം എന്നിവർ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു.