പത്തനാപുരം: കോൺഗ്രസ് പ്രവർത്തകരെ പത്തനാപുരം പൊലീസ് അകാരമായി മർദ്ദിച്ചെന്ന് പരാതി. കോൺഗ്രസ് പട്ടാഴി വടക്കേക്കര മണ്ഡലം പ്രസിഡന്റ് മാലൂർ നാട്ടുകാലമണ്ണിൽ ജോർജ്ജ് തോമസ് (60), യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കടുവാത്തോട് കൃഷ്ണഭവനിൽ അജിത്ത്കൃഷ്ണ എന്നിവരാണ് ഇത് സംബന്ധിച്ച് ഉന്നത പൊലീസ് മേധാവികൾക്ക് പരാതി നല്കിയത്. രണ്ടുപേരും പത്തനാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വടക്കേക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പോസ്റ്ററുകൾ പതിച്ചിരുന്നു. ഇത് നശിപ്പിക്കപ്പെട്ടു. ഇത് ചോദ്യം ചെയ്യുന്നതിനിടെ സ്ഥലത്തെത്തിയ പത്തനാപുരം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം അകാരണമായി തങ്ങളെ മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ആരെയും മർദ്ദിച്ചിട്ടില്ലന്നും പിരിഞ്ഞ് പോകാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പത്തനാപുരം സി.ഐ അൻവർ പറഞ്ഞു.