mala
മാലമോഷണത്തിന് പിടിയിലായ സഹാനയും പൊന്നിയും

ഓച്ചിറ: ബസ് യാത്രക്കിടെ പഞ്ചായത്തംഗത്തിന്റെ താലിമാല തട്ടിയെടുത്ത നാടോടി സ്ത്രീകളെ പഞ്ചായത്തംഗം തന്നെ നാടകീയമായി പിടികൂടി. ഓച്ചിറ ഗ്രാമ പഞ്ചായത്തംഗം രാധാമണി അമ്മയുടെ താലിമാല തട്ടിയെടുത്ത നാടോടി സ്ത്രീകളെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടി പൊലീസിന് കൈമാറിയത്. തമിഴ്നാട് രാമക്കൽ ജില്ലാ സ്വദേശിനികളായ സഹാന (35), പൊന്നി (45) എന്നിവരെയാണ് ഓച്ചിറ പൊലീസ് കസ്റ്റ‌ഡിയിലെടുത്തത് .ഇന്നലെ ഉച്ചയ്ക്ക് 1.30ന് ഓച്ചിറ ചങ്ങൻകുളങ്ങര സ്വദേശിയായ രാധാമണിഅമ്മ പഞ്ചായത്ത് കമ്മിറ്റി കഴിഞ്ഞ് ഓച്ചിറയിൽ നിന്ന് ബസ് കയറി പ്രിയങ്ക കാണ്ണാശുപത്രി ജംഗ്ഷനിൽ ഇറങ്ങിയപ്പോഴാണ് താലിമാല നഷ്ടപ്പെട്ടതായി മനസിലായത്.

രാധാമണി അമ്മ ബസ് ഇറങ്ങുന്നതിന് തൊട്ട് മുമ്പായി രണ്ട് ഇതര സംസ്ഥാന നാടോടി സ്ത്രീകൾ ബസിൽ തിക്കിത്തിരക്കുന്നുണ്ടായിരുന്നു. സംശയം തോന്നിയ രാധാമണിഅമ്മ സഹോദരൻ ഓമനക്കുട്ടൻ പിള്ളയുടെ ബൈക്കിൽ ബസിനെ പിന്തുടർന്നു. സ്ത്രീകൾ വവ്വാക്കാവിൽ ഇറങ്ങി ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കവേ ഇവരെ പിടികൂടി. സ്ത്രീകളെ പരിശോധിക്കാൻ ശ്രമിച്ചപ്പോൾ മാല മുഖത്തെറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് സ്ത്രീകളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.