പടിഞ്ഞാറേകല്ലട: പടിഞ്ഞാറേ കല്ലടയ്ക്കും മൺറോ തുരുത്തിനും കിഴക്കേ കല്ലടയ്ക്കും ഒരുപോലെ പ്രയോജനപ്പെട്ടിരുന്ന കൊല്ലം മുതിരപ്പറമ്പ് ബോട്ട് സർവീസ് പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. ഇവിടത്തെ ബോട്ട് സർവീസ് നിലച്ചിട്ട് വർഷങ്ങളാവുന്നു. ദേശീയപാതയിൽ കടപുഴ പാലത്തിനോട് ചേർന്ന് ഒരു കോടി രൂപയിലധികം ചെലവഴിച്ച് നിർമ്മിക്കുന്ന ടൂറിസം ഫെസിലിറ്റേഷൻ സെന്ററിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഇവിടെ ഇപ്പോഴും ബോട്ട് ജെട്ടി ഉണ്ട്. മുൻകാലങ്ങളിൽ കൊല്ലത്ത് നിന്ന് കടപുഴ വരെയായിരുന്നു ബോട്ട് സർവീസ്. കൊല്ലത്തു നിന്ന് മുതിരപ്പറമ്പ് വരെ സർവീസ് നടത്തിയിരുന്ന ബോട്ട് കടപുഴ വരെ ദീർഘിപ്പിച്ചാൽ മൺറോ തുരുത്തിലും കല്ലടയിലും എത്തുന്ന ടൂറിസ്റ്റുകൾക്ക് കുറഞ്ഞ ചെലവിൽ ഇവിടെ എത്തിച്ചേരാൻ സാധിക്കും. ബോട്ട് സർവീസ് എത്രയും പെട്ടെന്ന് പുനരാരംഭിക്കാനുള്ള നടപടി ബന്ധപ്പെട്ട അധികൃതരുടെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പുനരാരംഭിച്ച ബോട്ട് സർവീസ് വീണ്ടും നിറുത്തി
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽ ജനങ്ങൾ നൽകിയ പരാതിയെ തുടർന്ന് ഇവിടത്തെ ബോട്ട് സർവീസ് പുനരാരംഭിച്ചിരുന്നു. കൊല്ലത്ത് നിന്ന് അഷ്ടമുടി വഴി നേരിട്ട് മുതിരപ്പറമ്പിൽ എത്താൻ രണ്ടുമണിക്കൂർ സമയം മതിയായിരുന്നു. എന്നാൽ അഷ്ടമുടിയിലെത്തുന്ന ബോട്ട് പെരുമൺ വഴി ചുറ്റിക്കറങ്ങി മുതിരപ്പറമ്പിൽ എത്താൻ മൂന്ന് മണിക്കൂറിലധികം വേണ്ടി വരും. അത്തരത്തിൽ സർവീസ് മാറ്റി ക്രമീകരിച്ചതോടെ ഇതിൽ യാത്രക്കാരും ഇല്ലാതായി. തുടർന്ന് സർവീസ് നഷ്ടത്തിലാവുകയും ഒടുവിൽ നിറുത്തുകയും ചെയ്തു. ഹൗസ് ബോട്ടുകളെ സഹായിക്കാനാണ് ഇത്തരത്തിൽ റൂട്ട് പുനക്രമീകരിച്ചതെന്നാണ് നാട്ടുകാരുടെ പരാതി.