പത്തനാപുരം: പരമ്പരാഗതമായ ശൈലികളെയും കീഴ്‌വഴക്കങ്ങളെയും തട്ടിത്തെറിപ്പിച്ച് ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുകയും അവർക്കൊപ്പം നിൽക്കുകയും ചെയ്യുന്ന മന്ത്രിയാണ് കെ.കെ. ശൈലജയെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. കമാലുദ്ദീൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ആതുരസേവാരത്‌നം അവാർഡ് കെ.കെ. ശൈലജയ്ക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതാകമ്മിഷൻ അംഗം ഷാഹിദാ കമാലിന്റെ ഭർത്താവും ജീവകാരുണ്യപ്രവർത്തകനുമായിരുന്ന കമാലുദ്ദീന്റെ പേരിൽ ഏർപ്പെടുത്തിയതാണ് ഈ അവാർഡ്
നിപാ വൈറസ് പോലെയുള്ള മാരകരോഗങ്ങളെ നേരിടാൻ ആരോഗ്യവകുപ്പ് സജ്ജമാണെന്നും ഗ്രാമങ്ങളിലെ ജനങ്ങൾക്ക് പരമാവധി സേവനങ്ങൾ നൽകുവാൻ പര്യാപ്തമായ രീതിയിൽ ആതുരാലയങ്ങൾ ഒരുങ്ങിയെന്നും അവാർഡ് സ്വീകരിച്ചുകൊണ്ട് ആരോഗ്യമന്ത്രി ശൈലജ പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനിലായിരുന്നു ചടങ്ങ്. കെ.ബി. ഗണേശ് കുമാർ എം.എൽ.എ. അദ്ധ്യക്ഷനായ ചടങ്ങിൽ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, വനിതാകമ്മിഷൻ അംഗം ഡോ. ഷാഹിദാകമാൽ, കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാൽ, ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർമാൻ അഡ്വ. കെ.പി. സജിനാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. സജീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്. നജീബ് മുഹമ്മദ്, സാമൂഹ്യപ്രവർത്തകൻ കെ. ധർമ്മരാജൻ പുനലൂർ എന്നിവർ പ്രസംഗിച്ചു.