photo
നഗരസഭാ കവാടത്തിന് മുന്നിൽ യു.ഡി.എഫ് കൗൺസിലർമാർ സംഘടിപ്പിച്ച ധർണ എം.കെ. വിജയഭാനു ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: സർക്കാർ നിർദ്ദേശങ്ങളും നഗരസഭാ ചട്ടങ്ങളും പാലിക്കാതെ മണ്ണും മരവും കരാറുകാർ അനധികൃതമായി കടത്തിക്കൊണ്ടുപോയ സംഭവത്തിൽ നഗരസഭാ സെക്രട്ടറിയും ചെയർപേഴ്സണും നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ കഴിഞ്ഞ ദിവസം കൗൺസിൽ യോഗം ബഹിഷ്‌ക്കരിച്ചു. തുടർന്ന് നഗരസഭാ കവാടത്തിന് മുന്നിൽ ധർണയും നടത്തി. നഗരസഭയുടെ അധീനതയിലുള്ള ഹോമിയോ ആശുപത്രി, മൃഗാശുപത്രി, ബഡ്‌സ് സ്‌കൂൾ അങ്കണം എന്നിവിടങ്ങളിലെ മരങ്ങളാണ് കരാറുകാരൻ മുറിച്ചു മാറ്റിയത്. നിലവിലുള്ള നിയമങ്ങൾ പാലിക്കാതെയാണ് കരാറുകാരൻ മരങ്ങൾ മുറിച്ച് മാറ്റിയതെന്നാണ് പ്രതിപക്ഷ കൗൺസിലർമാരുടെ ആരോപണം. വസ്തുത ഇതായിരിക്കേ നഗരസഭയുടെ അനുവാദത്തോടെയാണ് മരങ്ങൾ മുറിച്ചതെന്നുള്ള സെക്രട്ടറിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും യു.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു. മുഴങ്ങോട്ടുവിള ഗവൺമെന്റ് സ്‌കൂളിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റി അടിത്തറ ഭാഗത്തെ മണ്ണ് കടത്തിക്കൊണ്ടുപോയ സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് കൗൺസിൽ യോഗത്തിൽ വയ്ക്കാത്തതിലും കൗൺസിലർമാർ പ്രതിഷേധിച്ചു. അനധികൃതമായി മണ്ണും മരവും കടത്തി നഗരസഭയ്ക്ക് നഷ്ടമുണ്ടാക്കിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. തുടർന്ന് സംഘടിപ്പിച്ച ധർണ പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ എം.കെ. വിജയഭാനു ഉദ്ഘാടനം ചെയ്തു. എസ്. ശക്തികുമാർ, സി. ഗോപിനാഥ പണിക്കർ, ബി. മോഹൻദാസ്, മുനമ്പത്ത് ഗഫൂർ, ശോഭ ജഗദപ്പൻ, മെഹർ ഹമീദ്, സുനിത സലിംകുമാർ, ബേബി ജെസ്‌ന, പി. തമ്പാൻ, ബി. ഉണ്ണിക്കൃഷ്ണൻ, ജി. സാബു, പ്രീതി രമേശ്, ദീപ്തി എന്നിവർ സംസാരിച്ചു.