ഓയൂർ: വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിന് മുന്നിലെ ഇത്തിക്കരയാറിലെ മലഞ്ചുഴിക്കടവിൽ പിതൃബലിതർപ്പണത്തിന് ആയിരങ്ങളെത്തി. പുലർച്ചെ തുടങ്ങിയ കർമ്മങ്ങൾ ഉച്ചയ്ക്ക് 2ന് അവസാനിച്ചു. പുലർച്ചെ മുതൽ തന്നെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കോഴിക്കോട് ഭരദ്വാജാശ്രമം ബാലൻ ശാസ്ത്രികൾ ബലി കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിച്ചു. ഒരേസമയം രണ്ടായിരത്തിലധികം പേർക്കിരിക്കാവുന്ന ബലിപ്പന്തലുകളും സ്ത്രീകൾക്ക് പ്രത്യേകം പന്തലും ദേവസ്വം ബോർഡും ഉപദേശക സമിതിയും ചേർന്നൊരുക്കിയിരുന്നു. കൂടാതെ പൊലീസ്, ഫയർഫോഴ്സ്, ആംബുലൻസ്, മെഡിക്കൽ സംഘം, പാർക്കിംഗ് സൗകര്യം എന്നിവയും സജ്ജീകരിച്ചിരുന്നു. പതിനായിരത്തോളം പേർ ബലിതർപ്പണത്തിനെത്തിയതായി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.എസ്. രഞ്ജിത്ത്, സെക്രട്ടറി ടി.കെ. മനു, രക്ഷാധികാരി ജി. ഹരിദാസ് എന്നിവർ അറിയിച്ചു.