water
water

കൊല്ലം: ശുദ്ധമായ കുടിവെള്ളത്തിനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടവരാണ് കാവനാട് നിവാസികൾ. പ്രദേശത്ത് പലയിടങ്ങളിലും കിണർ കുഴിക്കാൻ സാധിക്കാത്തതിനാൽ വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന ജലമാണ് ഇവരുടെ ഏക ആശ്വാസം. ഇതാകട്ടെ കൂത്താടിയും മാലിന്യവും കലർന്ന് ദുർഗന്ധ പൂരിതമാണെന്നാണ് നാട്ടുകാരുടെ പരാതി.

സ്‌കൂളുകളിലും വീടുകളിൽ പാചകത്തിനുമെല്ലാം പ്രദേശവാസികളുടെ ഏക ആശ്രയവും ഇതേ വെള്ളം തന്നെയാണ്. വാട്ടർ അതോറിറ്റി ജീവനക്കാരെത്തി കുടിവെള്ള ടാങ്കുകൾ മുറപോലെ വൃത്തിയാക്കുകയും വിതരണത്തിനുള്ള ജലം പരിശോധിക്കുകയും ചെയ്യാറുണ്ടെങ്കിലും കാലങ്ങളായി മലിനജലം ഉപയോഗിക്കാനാണ് കാവനാടുകാരുടെ വിധി.

കഴിഞ്ഞ ഒരുവർഷമായി ലഭിക്കുന്ന വെള്ളത്തിന് നിറവ്യത്യാസവും കൂത്താടിയുടെ സാന്നിദ്ധ്യവും അനുഭവപ്പെടുന്നത് പതിവായിരിക്കുകയാണ്. അടുത്തിടെയായി വെള്ളത്തിന് അസഹനീയമായ ദുർഗന്ധവുമുണ്ട്. സാധാരണ ശാസ്‌താംകോട്ട കായലിലെ ജലനിരപ്പ് കുറയുമ്പോൾ വെള്ളത്തിൽ ഓര് കാണാറുണ്ടെന്നതൊഴിച്ചാൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

പ്രശ്നം രൂക്ഷമാകുമ്പോൾ നാട്ടുകാർ ചേർന്ന് കോർപ്പറേഷനിൽ പരാതിപ്പെടുകയും വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് താത്കാലിക പരിഹാരമുണ്ടാക്കുകയും ചെയ്യും. ദിവസങ്ങൾക്ക് ശേഷം സ്ഥിതി വീണ്ടും പഴയപടിയാകും.

 അഷ്ടമുടിയിലെ മാലിന്യം വില്ലൻ ?

ശാസ്താംകോട്ട കുടിവെള്ള പദ്ധതിയുടെ പഴയ പൈപ്പ് ലൈനിലൂടെ വരുന്ന വെള്ളത്തിനാണ് കറുത്ത നിറവും ദുർഗന്ധവുമെന്ന് പ്രദേശവാസികൾ പറയുന്നു. നീണ്ടകര കുരിശടിക്കടുത്ത് അഷ്ടമുടിക്കായലിലൂടെ ഒഴുകിവരുന്ന മാലിന്യം കലരാനാണ് സാദ്ധ്യതയെന്നാണ് അവരുടെ അഭിപ്രായം.

 ജലദൗർലഭ്യം മാറുമെന്ന പ്രതീക്ഷയോടെ നാട്ടുകാർ

കാവനാടിൽ ഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്നത് പൊതു വാട്ടർ കണക്ഷനാണ്. പൊതുടാപ്പുകളിലൂടെയുള്ള ജലനഷ്‌ടം രൂക്ഷമായതോടെ അമൃത് പദ്ധതിയിലൂടെ പൊതുജനങ്ങൾക്ക് വാട്ടർ കണക്ഷനുകൾ കോർപ്പറേഷൻ നൽകുകയാണ്. ഞാങ്കടവ് പദ്ധതി കൂടി പൂർത്തിയാകുന്നതോടെ ജലലഭ്യത കൂടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

''കഴിഞ്ഞ ഒരുവർഷത്തോളമായി കുടിവെള്ളവുമായി ബന്ധപ്പെട്ട് ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. ഓരോ തവണയും ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്. ഇപ്പോൾ ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. കുടിവെള്ളത്തിൽ ദുർഗന്ധം കൂടി ശ്രദ്ധയിൽപ്പെട്ടതോടെ രേഖാമൂലം ഉടൻ പരാതിപ്പെടും.''

രാജലക്ഷ്മി ചന്ദ്രൻ

വാർഡ് കൗൺസിലർ