c
മുഖ്യമന്ത്രി

കൊല്ലം:ജില്ലാ കോടതി സമുച്ചയ നിർമ്മാണം കറങ്ങിത്തിരിഞ്ഞ് വീണ്ടും എൻ.ജി.ഒ ക്വാർട്ടേഴ്സ് വളപ്പിലേക്ക്. കോടതി സമുച്ചയം നിർമ്മിക്കാൻ വേറെ സ്ഥലം കണ്ടെത്തണമെന്ന റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശം മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കി. എൻ.ജി.ഒ ക്വാർട്ടേഴ്സ് വളപ്പിൽ നിന്ന് കോടതി സമുച്ചയ നിർമ്മാണത്തിന് ആവശ്യമായ സ്ഥലം ജുഡീഷ്യറിക്ക് വിട്ടുനൽകിക്കൊണ്ട് വൈകാതെ ഉത്തരവിറങ്ങും.

എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്നിടത്ത് കോടതി സമുച്ചയം നിർമ്മിക്കണമെന്നാണ് അഭിഭാഷകരുടെ വർഷങ്ങളായുള്ള ആവശ്യം. ജീവനക്കാരുടെ എതിർപ്പിനെ തുടർന്ന് ഇക്കാര്യത്തിൽ തീരുമാനമുണ്ടായില്ല. മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയുടെ നേതൃത്വത്തിൽ ഇരുകൂട്ടരുമായും ചർച്ച നടത്തി സമവായത്തിലെത്തിയിരുന്നു.

എൻ.ജി.ഒ ക്വാർട്ടേഴ്സ് വളപ്പിൽ പലയിടത്തായുള്ള ഫ്ലാറ്റുകൾ പൊളിച്ചുമാറ്റി ഒരുഭാഗത്ത് പുതിയ ഫ്ളാറ്റുകൾ നിർമ്മിക്കാനും ശേഷിക്കുന്നിടത്ത് കോടതി സമുച്ചയം പണിയാനുമായിരുന്നു ധാരണ.രൂപരേഖ തയ്യാറാക്കാൻ റവന്യു വകുപ്പ് പൊതുമരാമത്ത് വിഭാഗത്തിന് നിർദ്ദേശവും നൽകിയിരുന്നു.

പൊളിക്കുന്ന ഫ്ളാറ്റുകൾ : 42

നിർമ്മിക്കുന്ന ഫ്ളാറ്റുകൾ: 8

ബഡ്ജറ്റിലെ ആദ്യഗഡു : 4 കോടി രൂപ

ഏപ്രിലിലെ അട്ടിമറി

1.എൻ.ജി.ഒ ക്വാട്ടേഴ്സ് വിട്ടുനൽകാനാകില്ലെന്നും പകരം സ്ഥലം കണ്ടെത്തണമെന്നും കളക്ടർക്ക് റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശം

2. കോടതി സമുച്ചയ നിർമ്മാണവുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ കേസിന് നൽകിയ സത്യവാങ്മൂലത്തിൽ കളക്ടർ മറ്റ് രണ്ട് സ്ഥലങ്ങൾ നിർദ്ദേശിക്കുന്നു.

 പാര പൊളിച്ച് അഭിഭാഷക സംഘം

എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്ഥലം കോടതിസമുച്ചയ നിർമ്മാണത്തിന് വിട്ടുനൽകാനുള്ള ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിൽ ഇരിക്കുമ്പോഴാണ് പുതിയ സ്ഥലം കണ്ടെത്തണമെന്ന് റവന്യു വകുപ്പിൽ നിന്നുള്ള നിർദ്ദേശമെത്തിയത്. ജില്ലയിൽ നിന്നുള്ള സി.പി.എം നേതാവാണ് ഈ പാരയ്ക്ക് പിന്നിലെന്ന് ആരോപണം ഉയർന്നു. ഇക്കാര്യം ചർച്ച ചെയ്ത സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് കോടതി സമുച്ചയം എൻ.ജി.ഒ ക്വാർട്ടേഴ്സിൽ തന്നെ സ്ഥാപിക്കണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടു. പിന്നാലെ അഭിഭാഷക സംഘം മുഖ്യമന്ത്രിയെ നേരിൽക്കണ്ട് സി.പി.എം നേതാവിന്റെ പാര പൊളിക്കുകയായിരുന്നു.

 നീക്കത്തിനെതിരെ എൻ.ജി.ഒ

ക്വാർട്ടേഴ്സിലെ താമസക്കാർ

1. എൻ.ജി.ഒ ക്വാർട്ടേഴ്സ് കോടതി സമുച്ചയം നിർമ്മിക്കാൻ വിട്ടുനൽകാനുള്ള നീക്കത്തിനെതിരെ താമസക്കാരുടെ സംരക്ഷണ സമിതി രംഗത്ത്

2.വിവിധ ജില്ലകളിൽ നിന്നുള്ള താമസക്കാരിൽ അധികവും പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരും ഭിന്നശേഷിക്കാരുമാണ്.