ashtamudy
അഷ്ടമുടി ത്രിവേണി സംഗമത്തിൽ ബലിതർപ്പണ കർമ്മങ്ങളിലേർപ്പെട്ടിരിക്കുന്നവർ. കർമ്മങ്ങൾ ചെയ്യുന്ന വിദേശവനിതയെയും കാണാം

അഞ്ചാലുംമൂട്: അഷ്ടമുടി ത്രിവേണി സംഗമത്തിൽ പിതൃക്കൾക്ക് മോക്ഷം തേടിയെത്തിയത് വിദേശീയരുൾപ്പെടെ ആയിരങ്ങൾ. അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിന്റെ മേൽനോട്ടത്തിലാണ് അറബിക്കടലും കല്ലടയാറും സംഗമിക്കുന്ന ത്രിവേണി സംഗമത്തിൽ കർക്കിടകവാവ് ബലിതർപ്പണത്തിനുള്ള സൗകര്യങ്ങളൊരുക്കിയത്.

പുലർച്ചെ 4ന് ആരംഭിച്ച ചടങ്ങുകൾ വൈകിട്ട് 6.30ഓടെ സമാപിച്ചു. കർമ്മങ്ങൾക്ക് പി.വി. വിശ്വനാഥൻ ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. രണ്ട് ബലിപ്പുരകളിലായി ആയിരം പേർക്ക് ബലിതർപ്പണം നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. മുപ്പതോളം പരികർമ്മികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പിതൃക്കൾക്ക് മോക്ഷപ്രാപ്തി ലഭിക്കുന്നതിനായി അയർലണ്ട് സ്വദേശികളായ വനിതകളെത്തിയത് കൗതുകമായി.

കഴിഞ്ഞ വർഷങ്ങളേക്കാൾ രാവിലെ മുതൽ ബലിതർപ്പണത്തിന് വൻ ഭക്തജനത്തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടതെന്ന് ദേവസ്വം ജോയിന്റ് സെക്രട്ടറിമാരായ ഡോ. കെ.വി. ഷാജി, സി.എസ്. സജീവ് എന്നിവർ അറിയിച്ചു. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, ഫയർഫോഴ്സ് എന്നിവരുടെ സേവനവും ക്രമസമാധാനത്തിന് അഞ്ചാലുംമൂട് പൊലീസ് സ്‌റ്റേഷനിലെ സി.ഐ കെ. അനിൽകുമാർ, എസ്.ഐ നിസാർ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘവും ഉണ്ടായിരുന്നു.