കൊല്ലം: കൊട്ടാരക്കരയുടെ നെല്ലറയെന്ന് പേരുകേട്ട തൃക്കണ്ണമംഗൽ പറയാട്ടുകാവ് ഏലായിൽ രണ്ട് പതിറ്റാണ്ടിനു ശേഷം നെൽക്കൃഷി പുനരാരംഭിക്കുന്നു. 200 ഏക്കറോളം വരുന്ന പാടം കാലങ്ങളായി തരിശായി കിടക്കുകയാണ്. ഏലാത്തോട് മട മുറിഞ്ഞു വയലിന് നടുവിലൂടെ ഒഴുകി പുതയക്കണ്ടമായി മാറിയതോടെയാണ് കൃഷി നശിച്ചത്.
തുടർന്നും കൃഷി ചെയ്യാൻ കർഷകർ തയ്യാറായെങ്കിലും പ്രതികൂല സാഹചര്യം വെല്ലുവിളിയായി. എന്നാൽ തകർന്ന ബണ്ട് പുനർനിർമ്മിച്ചും സംരക്ഷണഭിത്തി കെട്ടിയും തടസങ്ങൾ മറികടക്കാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ വിജയം കണ്ടത്.
കാലങ്ങളായി തരിശായി കിടക്കുന്നത്: 200 ഏക്കറോളം വരുന്ന പാടം
പറയാട്ടുകാവ് ഏലായുടെ വശങ്ങൾ തകർന്നത് പുനർനിർമ്മിക്കാൻ 4.7 ലക്ഷം രൂപയും ബണ്ട് നിർമ്മിക്കാൻ 1.5 ലക്ഷം രൂപയും ജലസേചന വകുപ്പ് അനുവദിച്ചു
ഒരുതരി ഭൂമിപോലും തരിശായി കിടക്കരുതെന്ന ലക്ഷ്യത്തോടെയാണ് കൃഷിവ്യാപനത്തിന് മുൻകൈയെടുക്കുന്നത്
പി. ഐഷാപോറ്റി എം. എൽ. എ
കർഷകർക്ക് വിത്തും വളവും കൃഷിവകുപ്പ് വഴി സൗജന്യമായി വിതരണം ചെയ്യും
കൊട്ടാരക്കര നഗരസഭാദ്ധ്യക്ഷ ബി. ശ്യാമളഅമ്മ
17 ലക്ഷം രൂപ
തൃക്കണ്ണമംഗൽ വഴിയുള്ള എസ്.കെ.വി പറയാട്ടുകാവ് കടലാവിള റോഡ് പുനർനിർമ്മാണത്തിനായി ഐഷാപോറ്റി എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 17 ലക്ഷം രൂപ അനുവദിച്ചു. ടെൻഡർ നടപടി പൂർത്തിയാക്കിയ റോഡിന്റെ പുനർനിർമ്മാണം ഉടൻ ആരംഭിക്കും. അടിസ്ഥാന സൗകര്യം ഉറപ്പായതോടെ പ്രദേശത്ത് നിരവധി പുതുസംരംഭങ്ങൾക്കും സാദ്ധ്യതയേറിയിട്ടുണ്ട്.