കരിക്കോട്: കൊറ്റങ്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിലാരംഭിച്ച കൊറ്റങ്കര കാർഷിക കർമ്മസേനയുടെ പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഉദയകുമാർ നിർവഹിച്ചു. സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം ഗ്രോ ബാഗ് യൂണിറ്റുകളാണ് പഞ്ചായത്തിൽ നിർമ്മിക്കുന്നത്.
ചടങ്ങിൽ കരിക്കോട് വാർഡ് മെമ്പർ ബി. കുമാരി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ പി. സുബാഷ് സ്വാഗതം പറഞ്ഞു. സി.ഡി.എസ് ചെയർപേഴ്‌സൺ എസ്. ലത, കാർഷിക വികസന സമിതി അംഗം അർജുനൻപിള്ള, കാർഷിക കർമ്മസേന പ്രസിഡന്റ് ജി.എസ്. സരിത, സെക്രട്ടറി ശ്യാമചന്ദ്രൻ, കൃഷി അസിസ്റ്റന്റ് പി.ആർ. സുമൻ എന്നിവർ സംസാരിച്ചു.
മണ്ണും ജൈവവളങ്ങളും നിറച്ച 25 ഗ്രോബാഗുകൾ അടങ്ങിയ ഒരു യൂണിറ്റ് പച്ചക്കറിത്തൈകൾ ഉൾപ്പെടെ 75 ശതമാനം സബ്‌സിഡിയിലാണ് നൽകുന്നത്. താല്പര്യമുള്ള കർഷകർ 500 രൂപ ഗുണഭോക്തൃ വിഹിതം അടക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.