അഞ്ചാലുംമൂട്: പൈപ്പ് ലൈൻ പൊട്ടി റോഡ് തോടിന് സമാനമായതോടെ യാത്രക്കാർ അപകടഭീതിയിൽ. കൊല്ലം - തേനി ദേശീയപാതയിൽ അഞ്ചാലുംമൂട് പോസ്റ്റ് ഓഫീസിന് സമീപമാണ് ആഴ്ചകളായി പൈപ്പ് ലൈൻ പൊട്ടി റോഡിൽ വലിയ കുഴി രൂപപ്പെട്ടത്. അതേസമയം പൈപ്പ് പൊട്ടിയത് കോർപ്പറേഷൻ സോണൽ ഓഫീസിന് സമീപത്തായിട്ടുകൂടി അധികൃതർ കണ്ണടച്ച് ഇരുട്ടാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
കുഴിക്ക് ചുറ്റും ടയർ നിരത്തിയും പ്രതിഷേധ സൂചകമായി വാഴനട്ടും നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും ഇതുവരെയും നടപടികൾ ഉണ്ടായില്ല. ജലം പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കുന്ന അധികൃതർ തന്നെ കാട്ടുന്ന ഇത്തരം അനാസ്ഥയ്ക്കെതിരെ നാട്ടുകാർ പ്രതിഷേധത്തിലാണ്.
പൊട്ടിയ പൈപ്പ് ലൈൻ നന്നാക്കി റോഡ് റീടാറിംഗ് നടത്തിഗതാഗതയോഗ്യമാക്കണമെന്ന്കേരള പ്രതികരണവേദി സംസ്ഥാന വൈസ് പ്രസിഡന്റ് കടപ്പായിൽ ഡോ. കെ.വി. ഷാജി പറഞ്ഞു. അധികൃതർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.