കൊല്ലം: തൊഴുത്തിൽ നിർമ്മിച്ച ഇരുമ്പ് വേലിയിൽ കുടുങ്ങി പ്രാണന് വേണ്ടി പിടഞ്ഞ പശുവിനെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി.
ആണ്ടാമുക്കം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശം തൊടിയിൽ പുൽത്തോട്ടം വീട്ടിൽ മുത്തിന്റെ സങ്കരയിനത്തിൽപ്പെട്ട പശുവാണ് കുടുങ്ങിയത്.
ഇന്നലെ 8.40 ഓടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് താമരക്കുളത്ത് നിന്ന് ഫയർഫോഴ്സ് സംഘമെത്തുമ്പോൾ കമ്പികൾക്കിടയിൽ നിന്ന് തലയൂരാനുള്ള ശ്രമത്തിനിടെ പശു കമഴ്ന്ന് വീണിരുന്നു. വീട്ടിൽ തന്നെ ഉണ്ടായിരുന്ന കട്ടർ ഉപയോഗിച്ച് കമ്പികൾ മുറിച്ചുമാറ്റിയാണ് രക്ഷപ്പെടുത്തിയത്. മൂന്ന് വയസ് പ്രായമുള്ള പശുവിന്റെ രണ്ട് മുൻകാലുകൾക്കും പരിക്ക് പറ്റിയിരുന്നു. പിന്നീട് വെറ്ററിനറി ഡോക്ടറെത്തി ചികിത്സിച്ചു.
ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ വിക്ടർ വി. ദേവ്, ഫയർമാൻമാരായ സാനിഷ്, സുനിത് കുമാർ, അജീഷ്, ഫയർമാൻ ഡ്രൈവർ നാസിമുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.