pipe
മുണ്ടയ്ക്കലിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലാകെ തളംകെട്ടിയപ്പോൾ

 അഗതി മന്ദിരത്തിന് സമീപം പൈപ്പ് പൊട്ടി റോഡ് തോടായി

കൊല്ലം: മുണ്ടയ്ക്കലിൽ കുടിവെള്ള പൈപ്പുകൾ പൊട്ടുന്നത് പതിവാകുന്നു. ഇന്നലെ മുണ്ടയ്ക്കൽ അഗതി മന്ദിരത്തിന് സമീപം പരിസര പ്രദേശങ്ങളിലെല്ലാം കുടിവെള്ളമെത്തിക്കുന്ന പ്രധാനപ്പെട്ട വിതരണ പൈപ്പ് പൊട്ടി റോഡ് തോടായി. തൊട്ടടുത്തുള്ള കണക്ഷൻ ലൈൻ ചൊവ്വാഴ്ച പൊട്ടിയിരുന്നു.

ഇന്നലെ രാവിലെ 8.30 ഓടെയാണ് 250 മില്ലിമീറ്റർ വ്യാസമുള്ള വിതരണ പൈപ്പ് പൊട്ടിയത്. പൊട്ടിയ ഭാഗത്തുകൂടി ശക്തമായി ഉയർന്ന വെള്ളം റോഡിലാകെ തളംകെട്ടി. ഇതോടെ മുണ്ടയ്ക്കൽ പാപനാശനം കടപ്പുറത്ത് ബലിതർപ്പണത്തിന് പോകാൻ വാഹനങ്ങളിൽ ഇതുവഴി വന്നവർ ഏറെ ബുദ്ധിമുട്ടി.

മുക്കാൽ മണിക്കൂറോളം പൈപ്പിൽ നിന്ന് കുടിവെള്ളം റോഡിലേക്കൊഴുകി. പിന്നീട് തൊട്ടടുത്തുള്ള വാൽവ് അടച്ചാണ് പ്രശ്നം പരിഹരിച്ചത്. ഇതോടെ മുണ്ടയ്ക്കലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെയെല്ലാം കുടിവെള്ളം മുട്ടി. മുണ്ടയ്ക്കൽ പാപനാശനത്തും കുടിവെള്ളത്തിന് ദൗർലഭ്യം നേരിട്ടു.
പാപനാശനത്തെ ബലിതർപ്പണത്തിന്റെ ആവശ്യത്തിനായി കൂടുതൽ ശക്തമായി വെള്ളം പമ്പ് ചെയ്തിരുന്നു. മുപ്പത് വർഷത്തോളം പഴക്കമുള്ള പൈപ്പ് ശക്തമായ സമ്മർദ്ദം താങ്ങാനാകാതെയാകാം പൊട്ടിയതെന്ന് കരുതുന്നു. ഇന്ന് അറ്റകുറ്റപ്പണി പൂർത്തിയാക്കി കുടിവെള്ള വിതരണം പുനരാരംഭിക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.

' മുണ്ടയ്ക്കലിൽ പൈപ്പ് പൊട്ടി പ്രദേശവാസികൾക്ക് കുടിവെള്ളം മുട്ടുന്നത് പതിവാകുകയാണ്. കാലപ്പഴക്കമുള്ള പൈപ്പുകൾ മാറ്റി എത്രയും വേഗം പുതിയവ സ്ഥാപിക്കണം.''

അഭിഷേക് മുണ്ടയ്ക്കൽ

യുവമോർച്ച ജില്ലാ സമിതി അംഗം