photo
സമുദ്ര സ്നാന ഘട്ടങ്ങളിൽ നടത്തിയ ബലിതർപ്പണം.

കരുനാഗപ്പള്ളി: കർക്കടക വാവുബലി ദിവസമായ ഇന്നലെ പതിനായിരങ്ങൾ സമുദ്ര സ്നാന ഘട്ടങ്ങളിൽ പിതൃബലി തർപ്പണം നടത്തി സായൂജ്യം അണഞ്ഞു. അമൃതപുരിയിൽ പുലർച്ചെ 6 മണിയോടെ പ്രധാന ഹാളിലാണ് പ്രാഥമിക പൂജകൾ നടത്തിയത്. ശേഷക്രിയകൾ നടത്തിയത് സമുദ്ര തീരത്തായിരുന്നു. 2000 ത്തോളം പേർ ഇവിടെ ബലിതർപ്പണത്തിനായി എത്തിയിരുന്നു. സമുദ്ര തീരങ്ങൾക്ക് സമീപമുള്ള ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ബലിതർപ്പണത്തിന് വേദി ഒരുക്കിയത്. വെള്ളനാതുരുത്ത് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പണ്ടാര തുരുത്ത് മൂക്കുംപുഴ ദേവീ ക്ഷേത്രം, ചെറിയഴീക്കൽ കാശി വിശ്വനാഥ ക്ഷേത്രം, ആലപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കുഴിത്തുറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കുരുക്കശ്ശേരിൽ ശ്രീ ഭദ്രകാളീ ക്ഷേത്രം, അഴീക്കൽ പൂക്കോട്ട് ക്ഷേത്രം, കരുനാഗപ്പള്ളി ശ്രീ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽ പതിനായിരങ്ങളാണ് ബലിതർപ്പണത്തിനായി എത്തിയത്. പുലർച്ചെ 4.45 ന് ആരംഭിച്ച ബലിതർപ്പണം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സമാപിച്ചത്. ബലിതർപ്പണത്തിന് ശേഷം പിണ്ഡം കടലിൽ നിക്ഷേപിച്ച് കുളിച്ച ശേഷം ക്ഷേത്ര ദർശനവും നടത്തിയാണ് ഭക്തർ പിരിഞ്ഞത്.