പരവൂർ: പനമൂട് കുടുംബ മഹാദേവ ക്ഷേത്രത്തിലെ ബലിതർപ്പണ കർമ്മങ്ങൾക്ക് ആയിരങ്ങൾ പിതൃപുണ്യം തേടിയെത്തി. വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രത്തിൽ സജ്ജമാക്കിയിരുന്നത്. രാവിലെ 5ന് ആരംഭിച്ച പിതൃതർപ്പണ ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ചേർത്തല ബിജു ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു.
ക്ഷേത്രമുറ്റത്ത് ഒരുക്കിയ വിശാലമായ പന്തലിൽ ഒരേസമയം ആയിരത്തോളം പേർക്ക് ബലി തർപ്പണം ചെയ്യാൻ സൗകര്യമുണ്ടായിരുന്നു. കടപ്പുറത്ത് തർപ്പണ ചടങ്ങ് പൂർത്തിയാക്കി വരുന്ന ഭക്തർക്ക് സൗജന്യ പ്രഭാത ഭക്ഷണവും ദേവസ്വം കമ്മിറ്റി ഒരുക്കിയിരുന്നു.
കർമ്മങ്ങൾക്കെത്തിയവരുടെ സുരക്ഷാർത്ഥം കടൽതീരത്ത് പൊലീസ്, ഫയർഫോഴ്സ്, ലൈഫ് ഗാർഡ്, സന്നദ്ധസേവാ പ്രവർത്തകരും അണിനിരന്നു. ക്ഷേത്രപരിസരത്തിന് അര കിലോമീറ്റർ ചുറ്റളവിലും പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ്, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, മുനിസിപ്പൽ ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് മികച്ച സേവനമാണ് നൽകിയത്.