ജില്ലയിലെ രണ്ടാമത്തെ ഡിജിറ്റൽ ഗ്രാമം
കൊല്ലം: കേന്ദ്ര സർക്കാരിന്റെ 'മേരാ അഭിമാൻ സക്ഷം ഗ്രാം' പദ്ധതിയിലൂടെ ഡിജിറ്റൽ ഗ്രാമമാകുകയാണ് വിളവൂർക്കോണം ബ്രാഞ്ച് പോസ്റ്റ് ഓഫീസിന്റെ പരിധിയിൽപ്പെട്ട കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ വട്ടക്കുഴിക്കൽ നാലാം വാർഡ്. എല്ലാ ഗ്രാമവാസികളെയും ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ പരിധിയിൽ കൊണ്ടുവന്ന് വട്ടക്കുഴിക്കൽ വാർഡ് ജില്ലയിലെ രണ്ടാമത്തെ ഡിജിറ്റൽ ഗ്രാമമായി. എഴുകോൺ പഞ്ചായത്തിലെ പരുത്തുംപാറ പതിനാറാം വാർഡാണ് ജില്ലയിലെ ഒന്നാമത്ത ഡിജിറ്റൽ ഗ്രാമം.
പ്രഖ്യാപനം ഇന്ന്
ഇന്ന് വൈകിട്ട് 3ന് കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടക്കുന്ന പൊതുപരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അംബികാകുമാരി, സീനിയർ സൂപ്രണ്ട് ഒഫ് പോസ്റ്റ് ഓഫീസസ് കൊല്ലം ഡിവിഷൻ എ.ആർ. രഘുനാഥൻ എന്നിവർ ചേർന്ന് വാർഡിനെ ഡിജിറ്റൽ ഗ്രാമമായി പ്രഖ്യാപിക്കും. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയിക്കുട്ടി, വാർഡ് മെമ്പർ ടി.ആർ. കൃഷ്ണ ലേഖ എന്നിവർ പങ്കെടുക്കും.
മേരാ അഭിമാൻ സക്ഷം ഗ്രാം പദ്ധതി
ഗ്രാമീണ മേഖലയെ കറൻസി രഹിത ഇടപാടുകൾക്ക് സജ്ജമാക്കുന്നതിനായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് മേരാ അഭിമാൻ സക്ഷം ഗ്രാം. ആഗസ്റ്റ് 10ന് മുമ്പായി 1300 വില്ലേജുകളെ ഡിജിറ്റൽ വില്ലേജുകളായി പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്.
തപാൽ വകുപ്പ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രകാരം തിരഞ്ഞെടുക്കുന്ന ഗ്രാമത്തിലെ എല്ലാ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഇന്ത്യ പോസ്റ്റ്സ് പേയ്മെന്റ്സ് ബാങ്കിംഗ് അക്കൗണ്ട് തുടങ്ങും.
അക്കൗണ്ട് ഉടമകൾക്ക് നൽകുന്ന ക്യു.ആർ കോഡുള്ള കാർഡ് ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തുന്നത്. താത്പര്യമുള്ളവർക്ക് പോസ്റ്റ്മാൻ വീട്ടിൽ നേരിട്ടെത്തി സൗകര്യങ്ങൾ ഒരുക്കും. ഗാർഹിക അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് ആവശ്യമില്ല. വ്യാപാര സ്ഥാപനങ്ങളിലെ അക്കൗണ്ടിൽ 1000 രൂപ നിലനിറുത്തണം.