കൊല്ലം: ദേശീയ മെഡിക്കൽ കമ്മിഷൻ ബിൽ പാർലമെന്റിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് ഐ.എം.എയുടെ നേതൃത്വത്തിൽ ഡോക്ടർമാർ നടത്തിയ രാജ്യവ്യാപക പണിമുടക്ക് ജില്ലയിൽ ആശുപത്രികളുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചില്ല.
ഇന്നലെ പൊതുഅവധി ആയതിനാൽ ജില്ലാ, താലൂക്ക് ആശുപത്രികളിലെ ഒ.പികളിൽ രോഗികൾ കുറവായിരുന്നു.ജില്ലാ ആശുപത്രിയിലെ എല്ലാ ഒ.പികളിലും സാധാരണ 400 ലധികം പേർ എത്തുന്നതാണ്. ഇന്നലെ നാൽപതിൽ താഴെ രോഗികൾ മാത്രമാണുണ്ടായിരുന്നത്. പണിമുടക്കിന്റെ ഭാഗമായി അവധി രേഖപ്പെടുത്തിയെങ്കിലും ആശുപത്രിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ ഒ.പികളിൽ എത്തിയവരെ പരിശോധിച്ചു. ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും മൂന്ന് മെഡിക്കൽ ഓഫീസർമാർ ഉണ്ടായിരുന്നു. ജില്ലയിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഒ.പിയുടെ പ്രവർത്തനം ഇന്നലെ മന്ദഗതിയിലായിരുന്നു.
പണിമുടക്കിയ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ ആശുപത്രി വളപ്പിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗത്തിൽ ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ.ബിജു നെൽസൺ, കെ.ജി.എം.ഒ.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ. കിരൺ, ഡോ. ജയിംസ് ഗോമസ്, ഡോ.കെ. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ മറ്റ് ആശുപത്രികളിലും പ്രകടനവും യോഗങ്ങളും നടന്നു.
ഐ എം എ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധം ജില്ലാ ചെയർമാൻ ഡോ. ജെ . ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബില്ലിൽ വിഭാവനം ചെയുന്ന കാര്യങ്ങൾ നടപ്പാക്കിയാൽ സാധാരണ ജനങ്ങളുടെ ആരോഗ്യത്തിന് അപകടമുണ്ടാകുമെന്ന വസ്തുത തിരിച്ചറിയണമെന്നും മെഡിക്കൽ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുമെന്നും ഡോ. ശ്രീകുമാർ പറഞ്ഞു . ഡോ. അൻസു ആനന്ദ്, ഡോ. ജ്യോതി, ഡോ. ബ്ലെസ്സ്‌വിൻ ഡോ .സഞ്ജു ,ഡോ. വിദ്യ എന്നിവർ സംസാരിച്ചു