ഓടനാവട്ടം: കേരളത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുമെന്നും സ്പെഷ്യാലിറ്റി ആശുപത്രികളാക്കുമെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. നെടുമൺകാവ് സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ പുതുതായി നിർമ്മിച്ച ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ട്രഷറിയിൽ പണമില്ലാത്തതിനാൽ കൂടുതൽ നിയമനങ്ങൾ ഇപ്പോൾ സാദ്ധ്യമല്ലെന്നും പ്രൈമറി സെക്ടറുകളിലുള്ള മുഴുവൻ ആളുകളെയും പരിശോധിച്ച് ചികിത്സ ഉറപ്പാക്കാൻ നിലവിലുള്ള ഡോക്ടർമാർക്ക് കഴിയണമെന്നും മന്ത്രി വ്യക്തമാക്കി. ഓഫീസ് കം ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സി.പി. പ്രദീപ് നിർവഹിച്ചു. പി. ഐഷാപോറ്റി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഡോ.എസ്. ജ്യോതിലാൽ റിപ്പോർട്ട് അവതരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ദുൾ റഹ്മാൻ, ഷൈലാ സലിംലാൽ, കെ.പി. ശ്രീകല, ഹംസ റാവുത്തർ, കെ. ശ്രീലത, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. ബാലഗോപാൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് തിരുവനന്തപുരം അക്ഷരകല അവതരിപ്പിച്ച സ്വാന്തനപരിചരണം പ്രമേയമാക്കുന്ന നാടകവും നടന്നു.