കുന്നത്തൂർ: കർക്കടക വാവ് ദിനത്തിൽ പിതൃമോക്ഷം തേടി വിവിധ സ്നാന ഘട്ടങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികളെത്തി. കുന്നത്തൂർ താലൂക്കിൽ കുന്നത്തൂർ കൊക്കാംകാവ് ഭഗവതീ ക്ഷേത്രം, പടിഞ്ഞാറേ കല്ലട തിരുവാറ്റ മഹാദേവർ ക്ഷേത്രം, കടപുഴ അമ്പലത്തുംഗൽ മഹാവിഷ്ണു ക്ഷേത്രം, ശൂരനാട് വടക്ക് ആനയടി കാഞ്ഞിരംകടവ് വില്ലാട സ്വാമി ക്ഷേത്രം, ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി കരിങ്ങാട്ടിൽ ശിവപാർവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് പ്രധാനമായും ബലിതർപ്പണം നടന്നത്. കല്ലടയാറിന്റെയും പള്ളിക്കലാറിന്റെയും തീരങ്ങളിലെ സ്നാനഘട്ടങ്ങളിൽ പുലർച്ചെ 5ന് ബലിതർപ്പണം ആരംഭിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കല്ലടയാറ് കിഴക്കോട്ടൊഴുകുന്ന കുന്നത്തൂർ കിഴക്ക് കൊക്കാംകാവ് ഭഗവതീ ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഒരേ സമയം നൂറിലധികം പേർക്ക് ബലിയിടുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. തൃശൂർ തൈക്കാട്ടുശ്ശേരി മഠം ഉദയൻ പോറ്റി കാർമ്മികത്വം വഹിച്ചു. തിലഹവനം, പിതൃതർപ്പണം എന്നിവയ്ക്കുള്ള സൗകര്യം ഉണ്ടായിരുന്നു. അന്നദാനവും നടന്നു. സുരക്ഷയ്ക്കായി വൻ പൊലീസ് സേനയും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. പടിഞ്ഞാറേ കല്ലട തിരുവാറ്റ മഹാദേവർ ക്ഷേത്രത്തിൽ ചടങ്ങുകൾക്ക് തേവലക്കര കൈപ്പുഴമഠത്തിൽ ശക്തിധരര് ശ്രീജിധര്, കടപുഴ മൂത്തേടത്ത് മഠത്തിൽ അരുൺ ഭട്ടതിരി എന്നിവർ കാർമ്മികത്വം വഹിച്ചു. കല്ലടയാറിന്റെ തീരത്തെ ക്ഷേത്രക്കടവിൽ നടന്ന ബലിതർപ്പണത്തിൽ നൂറുകണക്കിന് ഭക്തർ പങ്കാളികളായി. കടപുഴ അമ്പലത്തുംഗൽ മഹാവിഷ്ണു ക്ഷേത്രത്തിൽ എം.എസ്. ബിജു കാർമ്മികത്വം വഹിച്ചു. പള്ളിക്കലാറിന്റെ തീരത്തുള്ള ആനയടി കാഞ്ഞിരംകടവ് വില്ലാട സ്വാമി ക്ഷേത്രത്തിലും ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി കരിങ്ങാട്ടിൽ ശിവപാർവതി ക്ഷേത്രത്തിലും ബലിതർപ്പണത്തിന് പുലർച്ചെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.