കിഴക്കേക്കല്ലട: ചിറ്റുമല ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രത്തിലെ ഉപദേവതകളുടെ വിഗ്രഹങ്ങൾ പട്ടാപ്പകൽ അക്രമി തല്ലിത്തകർത്തു. അക്രമിയെന്നു കരുതുന്ന മാനിസികാസ്വാസ്ഥ്യമുള്ളയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ക്ഷേത്രത്തിൽ കടന്ന അക്രമി ഉപദേവതാ ക്ഷേത്രങ്ങളുടെ വാതിലുകൾ തകർത്ത് വിഗ്രഹങ്ങൾക്ക് കേടുപാടുകൾ വരുത്തി തീയിടുകയായിരുന്നു.അഷ്ടബന്ധകലശം നടത്തി പ്രതിഷ്ഠ നടത്തിയിട്ടുള്ള വേട്ടയ്ക്കൊരു മകൻ, ജലദുർഗ്ഗ എന്നീ ക്ഷേത്രങ്ങളുൾപ്പെടെ എല്ലാ ഉപദേവതാ വിഗ്രഹങ്ങളും തകർത്ത നിലയിലാണ്.കമ്പിപ്പാര പോലുള്ള ആയുധങ്ങളുപയോഗിച്ച് മണിക്കുറുകളോളം സമയമെടുത്താണ് ഇവ നശിപ്പിച്ചത്.
പുറത്തിറങ്ങി സമീപത്തെ കടയിലെത്തിയ വ്യക്തിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ ക്ഷേത്ര കോമ്പൗണ്ടിൽ കയറി നോക്കിയപ്പോഴാണ് ഉപദേവതാ ക്ഷേത്രങ്ങൾ തകർത്തതായി കാണുന്നത്. നാട്ടുകാർ ഇയാളെ കിഴക്കേ കല്ലട പൊലീസിൽ ഏൽപ്പിച്ചു.പെരുമ്പുഴ സ്വദേശിയായ ഇയാൾ മാനസിക രോഗിയാണന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുളള ഈ ക്ഷേത്രം പതിനാറു കരക്കാരുടെ പരദേവതാ ക്ഷേത്രമാണ്.
ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും, ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ പ്രതിനിധിയും ക്ഷേത്രം സന്ദർശിച്ചു.ദേവസ്വം ബോർഡിന്റെ പതിനൊന്ന് ജീവനക്കാരുള്ള ക്ഷേത്രത്തിൽ സംഭവ സമയത്ത് ആരും ഇല്ലായിരുന്നതായി പറയപ്പെടുന്നു.ചുറ്റുമതിലും ഗേറ്റും ഉള്ള ക്ഷേത്രത്തിൽ ജീവനക്കാരുടെ അനാസ്ഥയാണ് മണിക്കൂറുകളോളം ആക്രമണം നടക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.