കൊല്ലം: സ്നാനഘട്ടങ്ങളിൽ പിതൃക്കൾക്ക് ശ്രാദ്ധമൂട്ടാൻ ആയിരങ്ങളെത്തി. ഇന്നലെ പുലർച്ചെ മുതലേ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളായ തിരുമുല്ലവാരം, മുണ്ടയ്ക്കൽ പാപനാശനം, അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രം, പന്മന ആശ്രമം, കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിന് സമീപം കല്ലടയാറിന്റെ കടവുകൾ, മയ്യനാട് താന്നി സ്വർഗ്ഗപുരം ക്ഷേത്രം, ഓയൂർ വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം, കരുനാഗപ്പള്ളി പുതിയകാവ് ശ്രീ നീലകണ്ഠ തീർത്ഥപാദാശ്രമം, കല്ലുവാതുക്കൽ ഇളംകുളം വയലിൽ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം, പരവൂർ കോങ്ങാൽ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സ്ത്രീകളടക്കം വൻ തിരക്കായിരുന്നു.
കടൽ പ്രക്ഷുബ്ധമായ സ്ഥലങ്ങളിൽ പൊലീസും ലൈഫ്ഗാർഡുകളും മറ്റു സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു.അഷ്ടമുടി വീരഭദ്റ ക്ഷേത്രത്തിന് പടിഞ്ഞാറ് അഷ്ടമുടിക്കായലും അറബിക്കടലും കല്ലടയാറും ഒരുമിക്കുന്ന ത്രിവേണി സംഗമത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ നടന്നത്. ബലിതർപ്പണത്തിന് ശേഷം ക്ഷേത്രങ്ങളിൽ തിലഹോമം ഉൾപ്പെടെയുള്ള പൂജകൾ നടത്തിയാണ് ഭക്തർ മടങ്ങിയത്. ചിലയിടങ്ങളിൽ സൗജന്യ വൃക്ഷത്തൈ വിതരണവും ഉണ്ടായിരുന്നു. ബലിതർപ്പണ ചടങ്ങുകൾ വൈകിട്ട് 6 മണിയോടെയാണ് സമാപിച്ചത്.