കൊല്ലം: മുത്തലാഖ് നിരോധിക്കുകയും അത് നിർവഹിക്കുന്നയാളെ ക്രിമിനൽ കുറ്റവാളികളാക്കുകയും ചെയ്യുന്ന നിയമം കൊണ്ടുവരുന്നതിലൂടെ കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങളുടെ മൗലികാവകാശം നിഷേധിക്കുകയാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ കൺവൻഷൻ പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി. ഇത്തരം ഏകാധിപത്യ നിലപാടിനെതിരെ ജാതി മത ഭേദമന്യേ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധം ഉയർരണമെന്നും ആവശ്യപ്പെട്ടു. വിവാഹമോചനം മറ്റു സമുദായങ്ങളിലാണ് കൂടുതലെന്നിരിക്കേ മുസ്ലിങ്ങളെ മാത്രം ലക്ഷ്യം വച്ച് അവരെ ക്രിമിനൽ കുറ്റവാളികളാക്കുന്നതിലെ ഗൂഢോദ്ദേശ്യം വ്യക്തമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
ഡിസംബർ 27, 28, 29 തീയതികളിൽ കൊല്ലം ആശ്രാമം മൈതാനിയിൽ കെ.ടി മാനു മുസലിയാർ നഗറിൽ നടത്തുന്ന സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ അറുപതാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായാണ് തിരുവനന്തപുരം, കൊല്ലം. പത്തനംതിട്ട, ആലപ്പുഴ, കന്യാകുമാരി, കോട്ടയം, എറണാകുളം ജില്ലകളിലെ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സാരഥികളുടെ സംഗമം സംഘടിപ്പിച്ചത്. കൊല്ലം അയത്തിൽ റോയൽ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം എം എം മുഹ്യുദ്ദീൻ മുസലിയാർ പ്രാർത്ഥന നടത്തി.
ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട് അദ്ധ്യക്ഷത വഹിച്ചു. കൊടക് അബ്ദുറഹിമാൻ മുസ്ലിയാർ, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, ഐ.ബി ഉസ്മാൻ ഫൈസി, അഹമ്മദ് കബീർ ബാഖവി കാഞ്ഞാർ, എം നൗഷാദ് ബാഖവി ചിറയിൻകീഴ്, സിറാജുദ്ദീൻ ഖാസിമി പത്തനാപുരം എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എ. യൂനുസ് കുഞ്ഞ്, കെ.കെ.എസ്. തങ്ങൾവെട്ടിച്ചിറ, കാടാമ്പുഴ മൂസഹാജി, മുഹ്സിൻകോയ തങ്ങൾ, ഹദിയത്തുള്ള തങ്ങൾ, എം. ചേളാരി, കെ.കെ. ഇബ്റാഹിം മുസ്ലിയാർ, തുടങ്ങിയവർ സംബന്ധിച്ചു.