കുളത്തൂപ്പുഴ:തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പേരിൽ വ്യാജ രസീത് നിർമ്മിച്ച് പണപ്പിരിവ് നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ. ശ്രീധർമ്മശാസ്താക്ഷേത്രത്തിന് സമീപം ബലിപ്പുരയൊരുക്കിയാണ് വ്യാജ കൂപ്പൺ നൽകി ഭക്തരിൽ നിന്ന് പണംവാങ്ങിയത്. ബലികർമ്മത്തിന് പ്രതിഫലമായി 100രൂപയുടെ ദേവസ്വം ബോർഡിന്റെ പേരിൽ നിർമ്മിച്ച വ്യാജ കൂപ്പണുകൾ നൽകിയാണ് പണം ഈടാക്കിയിരുന്നത്. ബലിതർപ്പണത്തിന് കാർമികത്വം നൽകിയ ആറ്റിന് കിഴക്കേക്കര അമ്പലക്കടവ് വീട്ടിൽ ബാലചന്ദ്രൻ (64), മകൻ മഹി എന്ന് വിളിക്കുന്ന മഹീന്ദ്രൻ (34)എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് പതിനായിരത്തോളം രൂപയും ഒമ്പത് രസീത് ബുക്കുകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.