തൃശൂർ: നിരോധിച്ച എയർഹോൺ ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം ജില്ലയിൽ വർദ്ധിച്ചു. ഓട്ടോറിക്ഷ, ടിപ്പർ,ലോറി, സ്വകാര്യ ബസുകൾ മുതൽ ഇരുചക്രവാഹനങ്ങളിൽ വരെ എയർഹോണുകളുണ്ട്. ഇത്തരം നിയമലംഘനങ്ങൾ ഏറുമ്പോഴും ആർ.ടി.ഒ, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ, ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ എന്നീ പോസ്റ്റുകൾ ഒരു മാസമായി ആളില്ലാത്തത് വകുപ്പിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.

രാത്രികാല സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളിലും തൃശൂരിൽ നിന്നും ദീർഘദൂര സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലുമാണ് കൂടുതലായി എയർഹോണുകളുടെ ഉപയോഗം. മുന്നിലുള്ള വാഹനങ്ങളെ ആട്ടിയോടിപ്പിക്കാനും ഒരു തരത്തിൽ ഭീഷണിപ്പെടുത്താനുമുള്ള ഉപകരണമായിട്ടാണ് വലിയ ശബ്ദത്തോടെ എയർഹോണുകൾ ഈ ബസുകളിൽ ഉപയോഗിക്കുന്നത്. വാഹനപ്പെരുപ്പം കൂടിയതോടെ എയർഹോണുകളുടെ ഉപയോഗം ജനങ്ങൾക്ക് ദുരിതമാകാനും തുടങ്ങി. ന്യൂജെൻ ബൈക്കുകളിലാണ് എയർഹോണുകൾ കൂടുതലായുള്ളത്.

 പിടികൂടാനും ആൾക്ഷാമം

ജില്ലയിൽ കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്ന തൃശൂർ മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ എം.വി.ഐ, എ.എം.വി.ഐ ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ട്. 11 പേർ വേണ്ടിടത്ത് ഉള്ളത് ഏഴ് പേരാണ്. ചെക്ക് പോസ്റ്റുകളിൽ റൊട്ടേഷൻ അനുസരിച്ച് നിലവിലുള്ള ജീവനക്കാരിൽ നിന്നാണ് ഡ്യൂട്ടിക്ക് ആളെ തെരഞ്ഞെടുക്കുന്നത്. ജില്ലയിലെ മിക്ക സബ് റീജ്യണൽ ഓഫീസുകളിലും സമാനമായ രീതിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ ഒഴിവുണ്ട്. കഴിഞ്ഞ മേയ് മാസത്തിലാണ് ആർ.ടി.ഒ റിട്ടയർ ചെയ്തത്. ജോയിന്റ് ആർ.ടി.ഒ യ്ക്കാണ് ആർ.ടി.ഒയുടെ ചുമതല. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ സസ്‌പെഷനിലാണ്. ജില്ലാ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയിൽ നിന്നും എറണാകുളം ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണറായി സ്ഥാനക്കയറ്റം ലഭിച്ച സുരേഷിനാണ് ജില്ലാ ഡെപ്യൂട്ടി കമ്മിഷണറുടെ കൂടി ചുമതല.

 താങ്ങാവുന്നതിലും കൂടുതൽ

100 ഡെസിബെല്ലിൽ കൂടുതലുള്ള എയർഹോണുകളിലെ ശബ്ദം കേൾവി ശക്തിയെ ദോഷകരമായി ബാധിക്കും. മനുഷ്യർ സംസാരിക്കുന്നത് 50 ഡെസിബെൽ താഴെ ശബ്ദത്തിലാണ്. വാഹനങ്ങളുടെ ശബ്ദം 70 ഡെസിബെലാണ്. ഇടിമിന്നൽ, വെടിക്കെട്ട് എന്നിവയുടെ ശബ്ദം 100നും 200 ഡെസിബെല്ലിനും ഇടയിലാണ്. സ്ഥിരമായി ഉയർന്ന ഡെസിബെല്ലിലുള്ള ശബ്ദം കേൾക്കുന്നത് കേൾവി ശക്തിയെ ബാധിക്കും.

 പിഴ ആയിരം, 150ൽ അധികം കേസുകൾ

ആയിരം രൂപയാണ് എയർഹോൺ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉടമകളിൽ നിന്ന് പിഴ ഈടാക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ 150ൽ അധികം കേസുകൾ എയർഹോൺ ഉപയോഗിച്ചതിന് മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്തു.

 എയർഹോണുകൾ അഴിച്ചുമാറ്റും

ഉയർന്ന ഡെസിബെൽ ശബ്ദമുള്ള എയർഹോണുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ട്. എയർഹോണുകൾ ഊരി മാറ്റിയതിന് ശേഷമേ വാഹനങ്ങൾ വിട്ടയക്കാറുള്ളൂ - ശ്രീപ്രകാശ് (ജോയിന്റ് ആർ.ടി.ഒ)

മൂന്നുമാസം കൊണ്ട് രജിസ്റ്റർ ചെയ്ത കേസുകൾ 150ൽ അധികം