കയ്പ്പമംഗലം: ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും കയ്പ്പമംഗലം ബസ് സ്റ്റാൻഡ് കെട്ടിടം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധിച്ച് കയ്പ്പമംഗലം പഞ്ചായത്താഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ഒരു കോടി രൂപ മുടക്കി നിർമ്മിച്ച ബസ് സ്റ്റാൻഡിൽ ബസുകളെ പ്രവേശിപ്പിക്കാത്തതിലും, കടകൾ ലേലം ചെയ്തു കൊടുക്കാത്തതിലും പ്രതിഷേധിച്ചും ബസ് സ്റ്റാൻഡിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ നസീർ റീത്ത് സമർപ്പിച്ചു. തുടർന്ന് സ്റ്റാൻഡിൽ നിന്ന് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
പഞ്ചായത്ത് ഓഫീസിനുമുമ്പിൽ നടത്തിയ ധർണയിൽ സ്റ്റാൻഡിൽ മദ്യപന്മാരുടെയും സാമൂഹിക വിരുദ്ധരുടെയും കന്നുകാലികളുടേയും വിഹാര കേന്ദ്രമായി മാറിയെന്ന് നേതാക്കൾ ആരോപിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.എഫ്. ഡൊമിനിക് ധർണ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എ. അനസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സുരേഷ് കൊച്ചുവീട്ടിൽ വിഷയാവതരണം നടത്തി. കോൺഗ്രസ് കയപ്പമംഗലം മണ്ഡലം പ്രസിഡന്റ് സി.ജെ. പോൾസൺ, പി.എസ്. ഷാഹിർ, മണി കാവുങ്ങൽ, പി.എസ്. മുഹമ്മദ്, സുനിത വിക്രമൻ, മണി ഉല്ലാസ്, ജാൻസി റാഫേൽ, പി.ടി. രാമചന്ദ്രൻ, ടി.വി. വിശ്വംഭരൻ എന്നിവർ സംസാരിച്ചു
പ്രതിഷേധ ധർണ അനാവശ്യം: പഞ്ചായത്ത് പ്രസിഡന്റ്
യൂത്ത് കോൺഗ്രസ് നടത്തുന്ന പ്രതിഷേധ ധർണ അനാവശ്യമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് പത്രക്കുറിപ്പിൽ അറിയിച്ചു. ബസ് സ്റ്റാൻഡ് ഉദ്ഘാടനത്തിന് ശേഷം ഉണ്ടായ മഹാ പ്രളയ മൂലം നടപടി ക്രമങ്ങളിലുണ്ടായ തടസവും, പിന്നീട് വന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പെരുമാറ്റചട്ടം നിലവിലുണ്ടായിരുന്നതുമാണ് നടപടികൾ വൈകുന്നതിനിടയാക്കിയത്. ഒരാഴ്ച്ചക്കുള്ളിൽ ലേല നടപടികൾ പൂർത്തിയാക്കി മറ്റു നടപടികൾ ആരംഭിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു