mariyam-thresya

മാള: കുടുംബങ്ങളുടെ മദ്ധ്യസ്ഥയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനം ഒക്ടോബർ 13ന് വത്തിക്കാനിൽ നടക്കും. ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയായ മറിയം ത്രേസ്യയെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി നാമകരണം ചെയ്യുന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ലഭിച്ചു.

ഫ്രാൻസിസ് മാർപാപ്പ റോമിൽ വിളിച്ചുചേർത്ത ഓർഡിനറി പബ്ലിക് കൺസിസ്റ്ററി ഒഫ് കാർഡിനൽസിലാണ് അറിയിപ്പ് പുറപ്പെടുവിച്ചത്.

പുത്തൻചിറ ചിറമ്മൽ മങ്കിടിയാൻ തോമയുടെയും താണ്ടയുടെയും മകളായ മറിയം ത്രേസ്യ 1876 ഏപ്രിൽ 26 നാണ് ജനിച്ചത്. 1914 മേയ് 14ന് പുത്തൻചിറയിൽ ഹോളി ഫാമിലി സന്യാസിനി സമൂഹം സ്ഥാപിച്ചു. 1926 ജൂൺ എട്ടിനാണ് മരണമടഞ്ഞത്. പിന്നീട് 1999 ജൂൺ 28ന് ധന്യ പദവിയിലേക്കും 2000 ഏപ്രിൽ 9ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും ഉയർത്തി.

2009ൽ തൃശൂർ പെരിഞ്ചേരിയിൽ ചൂണ്ടൽ ജോഷി - ഷിബി ദമ്പതികളുടെ മകൻ ക്രിസ്റ്റഫറിന്റെ രോഗമുക്തിയാണ് മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള അദ്ഭുതമായി പരിഗണിച്ചത്. ജനിച്ച് വൈകാതെ അക്യൂട്ട് റെസ്പിറേറ്ററി ഫെയ്‌ലിയർ മൂലം മരണാസന്നനായി കിടന്നപ്പോൾ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുശേഷിപ്പ് അരികിൽ വച്ച് കുടുംബാംഗങ്ങൾ അപേക്ഷിക്കുകയായിരുന്നു. അമല ആശുപത്രിയിലെ നവജാത ശിശു വിഭാഗം മേധാവി ഡോ. വി.കെ. ശ്രീനിവാസന്റെ മൊഴികളും രേഖപ്പെടുത്തലും നാമകരണ നടപടികൾക്ക് നിർണായകമായി. ഇപ്പോൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ക്രിസ്റ്റഫർ.

2018 മാർച്ച് 22 നാണ് വത്തിക്കാനിലെ വിദഗ്ദ്ധ മെഡിക്കൽ സംഘം പഠിച്ച് സ്ഥിരീകരിച്ച് വിശുദ്ധ പദവിയിലേക്ക് നാമകരണത്തിന് ശുപാർശ ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 12ന് ഫ്രാൻസിസ് മാർപാപ്പ അദ്ഭുത രോഗശാന്തിക്ക് അംഗീകാരം നൽകി.