അന്തിക്കാട് : റിയൽ എസ്റ്റേറ്റ് കച്ചവടത്തിനെത്തി ബന്ദിയാക്കപ്പെട്ട സംഭവത്തിലെ ദുരൂഹതകൾ ഒഴിയുന്നില്ല. വാദിയും പ്രതിയും വൻ മാഫിയാ കണ്ണികളാണെന്ന വിവരവും പ്രചരിക്കുന്നുണ്ട്. ഇരുതലമൂരി, വെള്ളിമൂങ്ങ, റൈസ് പുള്ളർ, നക്ഷത്രആമ തുടങ്ങിയ ഇടപാടുകളുമായി എത്തിയവരാണ് ബന്ദിയാക്കപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം.
ഇവരുടെ സാമ്പത്തിക ഇടപാടിൽ നടന്ന തർക്കവുമായി ബന്ധപ്പെട്ടുള്ള ഒത്തുതീർപ്പാണ് ചെമ്മാപ്പിള്ളിയിലെ വീട്ടിൽ നടന്നത്. ഇരുതലമൂരിക്കായി അഞ്ച് ലക്ഷം രൂപ അഡ്വാൻസ് നൽകിയതിൽ പകുതി കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞ പെരിങ്ങോട്ടുകരയിലെ സംഘം പെരുമ്പാവൂർ സംഘത്തെ വിളിച്ചുവരുത്തുകയായിരുന്നു. ഇതിന്റെ ഇടനിലക്കാരായാണ് കുപ്രസിദ്ധ ഗുണ്ടാ നേതാക്കൾ ഇടപെട്ടത്. പൊലീസിനോട് ഈ സംഘം സ്ഥലക്കച്ചവടത്തിനെത്തിയെന്നാണ് പറഞ്ഞത്. ഈ വിഷയങ്ങളെല്ലാം പൊലീസ് അന്വേഷിച്ച് വരികയാണ്.
അന്വേഷണം ഏകോപിപ്പിക്കാൻ ആളില്ല
ഒരാഴ്ച മുമ്പ് അവധിയിൽ പ്രവേശിച്ച അന്തിക്കാട് പൊലീസ് എസ്.എച്ച്.ഒയ്ക്ക് പകരം ആളെ നിയമിച്ചില്ല. സ്ഥലക്കച്ചടവടത്തിന്റെ പേരിൽ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ തുടരന്വേഷണം വഴിമുട്ടിയ നിലയിലാണ്. എസ്.എച്ച്.ഒ അവധിയിൽ പോയിട്ടും പകരം സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. ക്രമസമാധാന പ്രശ്‌നങ്ങളും ദൂരപരിധിയും ഏറെയുള്ള സ്റ്റേഷനാണ് അന്തിക്കാട്. ആവശ്യത്തിന് പൊലീസുകാരില്ലാത്തത് സ്‌റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.
ഗുണ്ടാ സംഘത്തിന്റെ അടിയേറ്റ് മരിച്ച ചെമ്മാപ്പിള്ളി കണ്ണാറ പ്രദിന്റെ കൊലപാതക കേസിന്റെ അന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ല. പ്രതികളെ മുഴുവൻ പിടികൂടാത്തത് വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. കഞ്ചാവ് ഗുണ്ടാ സംഘങ്ങളുടെ ശല്യം ഈ മേഖലയിൽ വ്യാപകമായിട്ടും ഇതിനെതിരെ ശാശ്വതമായൊരു പരിഹാരം കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പെരിങ്ങോട്ടുകര പൊലീസ് സ്റ്റേഷൻ ഇന്നും കടലാസിലാണ്.