ചാലക്കുടി: പുതുക്കിയ എസ്റ്റിമേറ്റിന് എൻ.എച്ച്.എയുടെ അനുമതി ലഭിക്കാത്തതിനാൽ കോടതി ജംഗ്ഷനിലെ അടിപ്പാത നിർമ്മാണം ത്രിശങ്കുവിൽ. നിർമ്മാണത്തിലിരിക്കുന്ന അണ്ടർ വെഹിക്കുലാർ പാസേജിന് തത്വത്തിൽ എൻ.എച്ച്.എ അംഗീകാരം നൽകിയിട്ടില്ല. നേരത്തെ കേന്ദ്ര ദേശീയപാത അധികൃതർ അംഗീകരിച്ച എസ്റ്റിമേറ്റിൽ നിന്നും മാറ്റം വരുത്തിയാണ് ഇപ്പോഴത്തെ നിർമ്മാണം നടക്കുന്നത്. ഇതിനാകട്ടെ യഥാസമയം എസ്റ്റിമേറ്റ് ഭേദഗതികളും ഉണ്ടായില്ല. അടിപ്പാത ഉടൻ പ്രാവർത്തികമാക്കണമെന്ന വ്യഗ്രതയിൽ സാങ്കേതിക കാര്യങ്ങളെല്ലാം മാറ്റി നിറുത്തുകയായിരുന്നുവത്രെ.

നിർമ്മാണം ആരംഭിച്ചതിനു ശേഷം ഭേദഗതികൾ വരുത്തി സമർപ്പിച്ച എസ്റ്റിമേറ്റ് ഇപ്പോൾ തിരുവനന്തപുരത്തെ ആർ.ഒയുടെ കാര്യാലയത്തിലാണ്. ഇവിടത്തെ അംഗീകാരത്തിനു ശേഷമാണ് എൻ.എച്ച്.എ ആസ്ഥാനത്തേക്ക് അയക്കേണ്ടത്. ഇത്തരം കടമ്പകൾ ഉള്ളതിനാൽ നിർമ്മാണത്തിൽ കാര്യക്ഷമമായ പുരോഗതി എന്നുണ്ടാകുമെന്ന് പറയാനാകാത്ത അവസ്ഥയാണ്. ആദ്യം അംഗീകാരം ലഭിച്ച എസ്റ്റിമേറ്റ് പ്രകാരം ദേശീയ പാത അധികൃതർ 3 കോടി രൂപ കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിന് നൽകിയിരുന്നു. അവർ തുക നിർമ്മാണ ഏജൻസിയായ കെ.എം.സിക്കും കൈമാറി.

എന്നാൽ കെ.എം.സി ആദ്യം സ്വന്തമായും തുടർന്ന് മറ്റു ഏജൻസികൾ വഴിയുമാണ് പ്രവർത്തനങ്ങൾ നടത്തിയത്. എന്നാൽ ഇവർക്ക് ലഭിച്ച് തുകയിൽ നിന്നും പത്തുലക്ഷം രൂപ മാത്രമാണ് ഉപകരാറുകാരായ യൂണിക്ക് ആൻഡ് ഭാരതീയ ഏജൻസിക്ക് നൽകിയത്. 80 ലക്ഷം രൂപയുടെ മെറ്റീരിയലും കൊടുത്തു. എന്നാൽ തുടർന്നുള്ള പണികൾക്ക് പണമില്ലാതെ ഇപ്പോഴത്തെ ഏജൻസി നട്ടം തിരിയുകയാണ്. പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചാൽ മാത്രമേ ജി.ഐ.പിയുടെ അക്കൗണ്ടിലേക്ക് സാങ്കേതികമായി ഫണ്ട് അയക്കാൻ ഇനി കേന്ദ്ര സർക്കാരിന് സാധിക്കുകയുള്ളൂ. ഇതു വൈകുംതോറും അടിപ്പാതയുടെ പ്രവർത്തനങ്ങൾ ഇത്തരത്തിൽ മാത്രമേ മുന്നോട്ടു നീങ്ങുകയുള്ളൂ.